ക്യാമ്പസില്ല, കെട്ടിടമില്ല, അധ്യാപകരില്ല, വിദ്യാർത്ഥികളില്ല, ഒരു വെബ്സൈറ്റ് പോലുമില്ല; റിലയൻസിൻറെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ജനിക്കും മുമ്പേ അംഗീകാരം; മോദി റിലയൻസിന്റെ പ്രമോട്ടറെപ്പോലെയെന്ന് എംഎ ബേബി

ക്യാമ്പസില്ല, കെട്ടിടമില്ല, അധ്യാപകരില്ല, വിദ്യാർത്ഥികളില്ല, ഒരു വെബ്സൈറ്റ് പോലുമില്ല. റിലയൻസിൻറെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ജനിക്കും മുമ്പേ അംഗീകാരം. മോദി റിലയൻസിന്റെ പ്രമോട്ടറെപ്പോലെയെന്ന് എം എ ബേബിയുടെ പ്രതികരണം. തന്‍റെ ഫേസ് ബുക്ക് പോജിലൂടെയാണ് എംഎ ബേബി പ്രതികരിച്ചത്.

ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

റിലയൻസിൻറെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസിൽ ഒന്നായി പ്രഖ്യാപിച്ചിരിക്കുന്നു. ഇങ്ങനെ ഒരു ജിയോ ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ഇല്ല എന്നതാണ് തമാശ. പക്ഷേ, ഗൗരവമുള്ള കാര്യം ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തെ കുത്തകകളുടെ കൈകളിലേല്പിക്കാനുള്ള നയത്തിൻറെ ഭാഗമാണിതെന്നതാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് സർക്കാർ ഇന്നലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസ് ആയി പ്രഖ്യാപിച്ചത്. സിവി രാമനെപ്പോലുള്ള മഹാശാസ്ത്രജ്ഞർ കെട്ടിപ്പടുത്ത ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ദില്ലി, ബോംബെ ഐഐടികൾ എന്നിവയ്ക്കൊപ്പമാണ് മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ പദവി നല്കുന്നത്.

രാജസ്ഥാനിലെ പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ് പിലാനി), മണിപ്പാൽ യൂണിവേഴ്സിറ്റി എന്നിവയും ഇനിയും ജന്മം കൊണ്ടിട്ടില്ലാത്ത റിലയൻസിൻറെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടും ആണവ.

റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി നടത്തുന്ന റിലയൻസ് ഫൗണ്ടേഷൻ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥാപനമാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നതു മാത്രമാണ് പൊതുജനങ്ങൾക്കറിയാവുന്നത്. ഇതിന് കാമ്പസില്ല, കെട്ടിടമില്ല, അധ്യാപകരില്ല, വിദ്യാർത്ഥികളില്ല, ഒരു വെബ്സൈറ്റ് പോലുമില്ല.

ഈ സ്ഥാപനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയവയുടെ നിലവാരം ജനിക്കും മുമ്പെ കല്പിച്ചു നല്കാനാണ് ഈ നടപടി.

യുജിസിയുടെ ഒരു എംപവേർഡ് എക്സ്പെർട്ട് കമ്മിറ്റി ആണ് ജിയോ അടക്കമുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എൻ ഗോപാലസ്വാമി അധ്യക്ഷനായതാണ് ഈ കമ്മിറ്റി. ആർഎസ്എസിൻറെ വിവേകാനന്ദ എജ്യുക്കേഷണൽ സൊസൈറ്റിയുടെ തലവനാണ് അദ്ദേഹമിപ്പോൾ.

ഈ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിൻറെ തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്കിൻറെ റാങ്കിംഗിനെ അവഗണിച്ചു. ഈ റാങ്കിംഗ് പ്രകാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാം സ്ഥാനത്തും ദില്ലി, മുംബൈ ഐഐടികൾ മൂന്നും നാലും സ്ഥാനത്തും ആയിരുന്നു. രണ്ടാം സ്ഥാനത്തു വന്ന മദ്രാസ് ഐഐടിയെ അവഗണിച്ചു. സർവകലാശാലകളിൽ ഒന്നാം സ്ഥാനത്തും ആകെ റാങ്കിംഗിൽ ആറാമതും വന്ന ജവഹർലാൽ നെഹ്രു സർവകലാശാലയെയും അവഗണിച്ചു.

അതേ സമയം സ്വകാര്യ സ്ഥാപനങ്ങളായ പതിനെട്ടാം സ്ഥാനത്തെ മണിപ്പാൽ സർവകലാശാലയെയും ഇരുപത്തിയാറാം സ്ഥാനത്തെ ബിറ്റ്സ് പിലാനിയെയും ഉൾപ്പെടുത്തി. ജെഎൻയുവിനും മദ്രാസ് ഐഐടിക്കും പകരമാണിവ വരുന്നതെന്നോർക്കണം.

ഈ സ്ഥാപനങ്ങൾക്ക് പൂർണ അക്കാദമിക്ക്, ഭരണ സ്വാതന്ത്ര്യം ഉണ്ടാവും എന്നതാണ് പരിപാടി. ഓരോ സ്ഥാപനത്തിനും ആദ്യത്തെ അഞ്ചു വർഷം കൊണ്ട് ആയിരം കോടി രൂപയുടെ ധനസഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കും.

കൂടാതെ സർക്കാരിൽ നിന്ന് പ്രത്യേക ഗവേഷണ ഫണ്ടിനും അപേക്ഷിക്കാം. ഇവ പത്തു വർഷം കൊണ്ട് അഞ്ഞൂറു ഗ്ലോബൽ സർവകലാശാലകളിലൊന്നാവണം എന്നാണ് നിർദേശം.

ഇന്ത്യൻ ആവശ്യങ്ങളെ അവഗണിച്ച് ലോകനിലവാരം എന്ന പേരിലുള്ള ഈ മേനി നടിക്കലിൽ ആദ്യം പുറത്താക്കപ്പെടുക ഇന്ത്യയിലെ പാവപ്പെട്ടവരും സംവരണ വിഭാഗങ്ങളുമായിരിക്കും. അതും പൊതുഖജനാവിൻറെ ചെലവിൽ. ഇപ്പോൾ തന്നെ ഈ സ്ഥാപനങ്ങളിൽ ഈ വിഭാഗങ്ങളെ അവഗണിക്കുന്നു എന്നപരാതിയുണ്ട്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസ് എന്ന പേരിൽ ഈ അവഗണന ഇനിയും കൂടും.

ഈ തീരുമാനവും യുജിസിയുടെ അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്ന തീരുമാനവുമായി കൂട്ടി വായിക്കണം. യുജിസി, അതിൻറെ എല്ലാ പരിമിതികളോടെയും പൊതുസർവകലാശാലകളുടെ ഒരു സ്ഥാപനമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തെ കുത്തകകൾക്ക് ഏല്പിച്ചു കൊടുക്കുന്നതിന് യുജിസിയുടെ ആവശ്യമില്ല. സർക്കാർ നേരിട്ട് ചെയ്യുമത്.

2019ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന സർക്കാരാണ് ഈ ആറു സ്ഥാപനങ്ങൾക്കും ആയിരം കോടി വീതം നല്കേണ്ടത്. ഈ തുകയുടെ പേരിൽ റിലയൻസിൽ നിന്നും മറ്റും ബിജെപി പണം നേടുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം എന്ന വ്യവസ്ഥയോടെയാണ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസായി തെരഞ്ഞെടുക്കാനുള്ള സ്ഥാപനങ്ങളുടെ അപേക്ഷ ക്ഷണിച്ചത്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുക്കാനും വേണ്ടി അവർക്ക് അപേക്ഷിക്കാൻ അവസരമുണ്ടാക്കണം എന്ന ഉദ്ദേശത്തോടെയാണിത് ചെയ്ചത്.

റിലയൻസിന്റെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രമോട്ടറെ പോലെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പലപ്പോഴും പെരുമാറുന്നത് .ജിയോ ഫോൺ പുറത്തിറക്കിയത് നരേന്ദ്രമോദി ആയിരുന്നു .

ഭരണകൂടം കുത്തകകളുടെ കാര്യങ്ങൾ നടത്തിക്കൊടുക്കുന്ന കർമ്മസമിതി ആകുമെന്ന് 170 വർഷം മുൻപ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും പറഞ്ഞിട്ടുണ്ട് .ഇക്കാര്യം സാധൂകരിക്കുന്ന വിധത്തിലാണ് ഇന്ത്യയിലെ കുത്തകകൾക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നത് .

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിന് ഒന്നാമത് വേണ്ട കാര്യം ബിജെപി സർക്കാരിനെ പുറത്താക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here