ലോകം സാക്ഷിയായി. തായ്‌ലന്റില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ മു‍ഴുവന്‍ കുട്ടികളെയും  കോച്ചിനെയും രക്ഷപ്പെടുത്തി. 18 ദിവസങ്ങള്‍ക്ക് ശേഷം പ്രതീക്ഷയുടെ പുതുനാളവുമായി ഗുഹയില്‍ കുടുങ്ങിയവരിലെ അവസാന സംഘവും പുറത്തേക്കെത്തി.

ഇന്ന് 5 പേരെയാണ്പുറത്തെത്തിച്ചത്. 20 പേരടുങ്ങുന്ന ദൗത്യസംഘം 4 ദിവസം നടത്തിയ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായാണ്  ഇവരെ പുറത്തെത്തിച്ചത്. ക‍ഴിഞ്ഞ ജൂണ്‍ 23 നാണ് കനത്ത മ‍ഴയെത്തുടര്‍ന്ന് ഇവര്‍ ഗുഹക്കുള്ളില്‍ കുടുങ്ങിയത്.

കനത്തമഴയ്ക്ക് ശമനമുണ്ടായ സാഹചര്യത്തിലാണ് കുട്ടികളെ പുറത്തെത്തിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചത്. 13 അന്താരാഷ്ട്ര മുങ്ങല്‍ വിദഗ്ദരുള്‍പ്പെടെ 20 പേരാണ് കുട്ടികളെ പുറത്തെത്തിക്കാനായി ഗുഹയിലേക്ക് കടന്നത്.

ഇരുട്ട് നിറഞ്ഞ വഴികളിലൂടെ നീന്തലറിയാത്ത കുട്ടികളെയും കൊണ്ട് 4 കിലോമീറ്റര്‍ ദൂരം മോശം കാലാവസ്ഥയില്‍ സഞ്ചരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നത്.