ലോകത്തിന്‍റെ പ്രാര്‍ഥനകള്‍ ഫലം കണ്ടു. ഒടുവില്‍ ലോകം കാത്തിരുന്ന സമയമെത്തി. തായ്ലന്‍റില്‍ ഗുഹയില്‍  അകപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി, ലോകം കെെകോര്‍ത്തപ്പോള്‍ പ്രതീക്ഷയുടെ പുതുകണവുമായി അവര്‍  പുറത്തേയ്ക്കെത്തി.

ആയിരത്തി അഞ്ഞൂറിനടുത്ത് വിദഗ്ദരാണ് ഗുഹയില്‍ കുടുങ്ങിയ കുരുന്നുകളുടെയും  കോച്ചിന്‍റേയും ജീവന്‍ രക്ഷിക്കനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത്.

ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു ഗുഹക്കുള്ളിലേക്ക് കയറുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഒടുവില്‍ കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ ദൃശ്യങ്ങള്‍ ഫോണിൽ പകർത്തിയതുമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തേക്കെത്തിയപ്പോള്‍ ഒരു രാജ്യം മാത്രമല്ല, ലോകം മു‍ഴുവന്‍ ആശ്വസിച്ചു.

നിങ്ങള്‍ക്കായി ലോകം പുറത്ത് കാത്തിരിക്കുകയാണെന്ന് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചുകുട്ടികൾ കത്തുകൾ എഴുതി ര്കഷാപ്രവര്‍ത്തകരുടെ കെെയ്യില്‍ കൊടുത്തയച്ചു.

ഗുഹയില്‍ നിന്നും പുറത്തെത്തിയാല്‍ എന്തെല്ലാം സമ്മാനങ്ങള്‍ വേണമെന്ന് അവര്‍ എ‍ഴുതിയറിയിച്ചു. എല്ലാം സമ്മതിച്ച് മാതാപിതാക്കൾ തിരിച്ചും കത്തെഴുതി.

ഗുഹയ്ക്കുള്ളിലേക്കു കയറും മുൻപ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും അൽപാൽപമായി കഴിച്ചാണ് പത്തുദിവസം  കുട്ടികളും കോച്ചും പിടിച്ചു നിന്നത്. രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ സേവനങ്ങളും ലഭ്യമാക്കി.  പ്രത്യേക മരുന്നുകളും മറ്റും നല്‍കി കുട്ടികളെ ആരോഗ്യം കാത്തു സൂക്ഷിച്ചു.

സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകരാണ് രണ്ടാഴ്ചയിലേറെയായി താം ലുവാങ് ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്.