അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭാവാദങ്ങള്‍ പൊളിയുന്നു; വത്തിക്കാന് രണ്ട് തവണ കന്യാസ്ത്രീ കത്തയച്ചിരുന്നു; കത്ത് പുറത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സഭയുടെ വാദങ്ങള്‍ പൊളിയുന്നു. ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന സഭയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന കന്യാസ്ത്രീയുടെ കത്ത് പുറത്ത് വന്നു.

ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും തെളിവെടുപ്പിനായി ജലന്ധറില്‍ എത്താമെന്നും വ്യക്തമാക്കി കന്യാസ്ത്രീ ക‍ഴിഞ്ഞ വര്‍ഷം മദര്‍ സുപ്പീരിയറിന് അയച്ച കത്താണ് പുറത്തുവന്നത്.അതേ സമയം മാര്‍പാപ്പക്ക് ഉള്‍പ്പടെ വത്തിക്കാന് രണ്ട് തവണ കന്യാസ്ത്രീ കത്തയച്ചിരുന്നെങ്കിലും ഇത് ഇവഗണിക്കപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നു.

ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെതിരായ പരാതിയില്‍ സഭ നടത്തിയ ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്നായിരുന്നു സഭയുടെ പ്രധാന വാദം. പ്രധാനപ്പെട്ട വിവരങ്ങള്‍ സഭയെ അറിയിക്കാതെ പോലീസില്‍ പരാതി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നും സഭ ആരോപിച്ചിരുന്നു.

ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ക‍ഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 ന് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് അയച്ച കത്ത്. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച കന്യാസ്ത്രീ ആവശ്യമെങ്കില്‍ തെളിവെടുപ്പിനായി ജലന്ധറില്‍ വരാന്‍ തയ്യാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങള്‍ പച്ചക്കള്ളമാണന്നും സഭയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മദര്‍ സുപ്പീരിയറിനയച്ച കത്തില്‍ പറയുന്നുണ്ട്. അതേ സമയം പീഡന വിവരം ചൂണ്ടിക്കാട്ടി ക‍ഴിഞ്ഞ മെയ് 14നാണ് കന്യാസ്ത്രീ മാര്‍പാപ്പക്ക് കത്തയച്ചത്.

ഈ കത്ത് അവിടെ കിട്ടിയെന്ന് നാലു ദിവസത്തിനുള്ളില്‍ അറിയിപ്പും ലഭിച്ചു.എന്നാല്‍ ദിവസങ്ങള്‍ ക‍ഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്തയക്കുന്നതെന്ന് ജൂണ്‍ 18 ന് വത്തിക്കാന്‍ കാര്യാലയത്തിന് അയച്ച കത്തില്‍ കന്യാസ്ത്രീ ചൂണ്ടിക്കാട്ടുന്നു.

ബിഷപ്പിനെതിരെയുള്ള പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.മാത്രമല്ല തനിക്കും കുടുംബത്തിനുമെതിരെ വ്യാജപരാതി നല്‍കിയിരിക്കുന്നുവെന്നും സഹോദരനെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും വത്തിക്കാനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

ബിഷപ്പിനെതിരെ നാളിതുവരെയായിട്ടും സഭ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ പോലീസില്‍ പരാതി നല്‍കുകയല്ലാതെ മറ്റ് വ‍ഴികളില്ലെന്നും വത്തിക്കാന്‍ കാര്യാലയത്തിനയച്ച കത്തില്‍ കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here