വീട്ടില്‍ അഞ്ച് ആത്മാക്കള്‍; ദീപാവലിക്ക് മുമ്പ് കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെടും; ബുറാരി ആത്മഹത്യക്കേസില്‍ വഴിത്തിരിവായി ഈ ഡയറി

ദില്ലി: ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് സമൂഹം വായിച്ചത്. ഒരാള്‍ പോലും അവശേഷിക്കാതെ എല്ലാവരും മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ ഒരു കുഞ്ഞു ഡയറിയാണ് ഇപ്പോള്‍ വഴിത്തിരിവായിരിക്കുന്നത്.

സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് ഭാട്ടിയയുടെ ഡയറിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. വരുന്ന ദീപാവലിക്ക് മുമ്പ് കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെടും എന്ന സൂചനകളാണ് ഡയറിയില്‍ ഉള്ളത് എന്നാണ് പോലീസ് പറയുന്നത്.

തന്റെ പിതാവിന്റെയും മറ്റു നാല് പേരുടെയും ആത്മാക്കള്‍ വീട്ടില്‍ ഉണ്ടെന്ന് ലളിത് പറഞ്ഞിരുന്നതായി അയല്‍ക്കാരും സമ്മതിക്കുന്നു. ഭാട്ടിയ കുടുംബത്തോട് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധമുള്ളവരുടെ ആത്മാക്കളാണ് തന്നോടൊപ്പം ഉള്ളതെന്നാണ് ലളിത് അവകാശപ്പെട്ടിരുന്നത്.

ഈ കുറിപ്പുകളില്‍ നിന്നാണ് പോലീസ് കൂട്ട ആത്മഹത്യയുടെ ദുരൂഹതകള്‍ അഴിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.

പ്രധാനമായും ഡയറിയുടെ രണ്ട് കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ നിന്നാണ് ആത്മാക്കളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

അഞ്ച് ആത്മാക്കള്‍ തന്നോടൊപ്പം ഉണ്ടെന്നും നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിപ്പിക്കപ്പെടുകയുള്ളൂ എന്നും ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ അവയ്ക്ക് മോക്ഷം ലഭിക്കുമെന്നും ലളിത് കുറിപ്പില്‍ പറയുന്നു.

വ്യക്തമായ ഒരു സൂചന കുറിപ്പില്‍ നിന്ന് ലഭ്യമല്ലെങ്കിലും മരിച്ച കുടുംബത്തിന് ചാത്തന്‍ സേവയുണ്ടായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ 2017 നവംബര്‍ 11ന് എഴുതിയ കുറിപ്പാണ് പോലീസിനെ ഏറെ കുഴക്കിയിരിക്കുന്നത്. ആരോ ചെയ്യുന്ന തെറ്റാണ് അത് നേടുന്നതില്‍ നിന്നും കുടുംബത്തെ പരാജയപ്പെടുത്തുന്നത് എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. ഇങ്ങനെയാണെങ്കില്‍ അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നും കുറിപ്പില്‍ പറയുന്നു.

ദീപാവലിക്ക് മുമ്പ് കൊല്ലപ്പെടുമെന്ന സൂചന കുറിപ്പില്‍ നിന്ന് ലഭിച്ചെങ്കിലും കുറിപ്പില്‍ പരാമര്‍ശിക്കുന്ന വ്യക്തിയെയും സംഭവത്തെയും തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 10 പേരുടെ മൃതദേഹങ്ങള്‍ വീടിന്റെ രണ്ടാം നിലയിലെ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടുന്ന നിലയിലും ഒരാളുടെ മൃതദേഹം കഴുത്ത് ഞെരിച്ച രീതിയിലും കണ്ടെത്തിയത്. ആചാരങ്ങളുടെ ഭാഗമെന്നോണം മൃതദേഹങ്ങള്‍ക്കടുത്തു നിന്നും വെള്ളവും മറ്റും കണ്ടെത്തിയിരുന്നു.

ആറു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിലവില്‍ പോലീസിന്റെ പക്കലുള്ളത്. ബാക്കിയുള്ളവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം അന്തിമ റിപ്പോര്‍ട്ടിനായി ഫോറന്‍സിക് വിഭാഗത്തിലേക്ക് കൈമാറാനും ഇതിനു ശേഷം മനഃശാസ്ത്ര വിശകലനം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാനാണ് പോലീസിന്റെ ഉദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News