രാജ്യത്തെ പുറകോട്ട് നയിക്കുന്ന ബിജെപി സർക്കാറിന്റെ നാളുകൾ എണ്ണപ്പെട്ടു; വാഗ്ദാന ലംഘനത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയാൽ ലഭിക്കാൻ പരമ യോഗ്യന്‍ മോദിയെന്ന് എസ് രാമചന്ദ്രന്‍പിള്ള

വാഗ്ദാന ലംഘനത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയാൽ അത് ലഭിക്കാൻ പരമ യോഗ്യനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള.

രാജ്യത്തെ പുറകോട്ട് നയിക്കുന്ന ബി ജെ പി സർക്കാറിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും എസ് ആർ പി പറഞ്ഞു. പയ്യന്നൂർ കുന്നരുവിൽ ധനരാജ് രക്തസാക്ഷി ദിനാചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എസ് ആർ പി.

മധ്യ കാലഘട്ടത്തിലെ കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രമാണ് സംഘപരിവാർ ഉയർത്തി പിടിക്കുന്നതെന്ന് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയെയും ആധുനിക ചിന്തയെയും അവർ കടന്നാക്രമിക്കുന്നു.

മത വിശ്വാസവും സംസ്കാരവും ഇടകലർത്താനാണ് ആർ എസ് എസ് ശ്രമം. രാഷ്ട്രീയത്തിൽ മത മേധാവിത്വം അടിച്ചേല്പിക്കാനുള്ള സംഘപരിവാർ ശ്രമം അപകടകരമാണ്.

വാഗ്ദാന ലംഗനങ്ങളുടെ പെരുമഴയാണ് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ബി ജെ പി ഭരണത്തിൽ കണ്ടതെന്നും എസ് ആർ പി പറഞ്ഞു.

ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂർ കുന്നരുവിലെ സി പി ഐ എം പ്രവർത്തകൻ ധനാരാജിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. കുന്നരുവിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നൂറ് കണക്കിന് പേർ പങ്കെടുത്തു.

ധനരാജിന്റെ കുടുംബത്തിന് സി പി ഐ എം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എസ് ആർ പി നിർവഹിച്ചു. ധനരാജിന്റെ വീട്ടിലെത്തി കുടുംബങ്ങളെ എസ് ആർ പി സന്ദർശിച്ചു.

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, സി കൃഷ്ണൻ എം എൽ എ , ടി ഐ മധുസൂദനൻ, കെ പി മധു, പി സന്തോഷ് തുടങ്ങിയ നേതാക്കൾ ധനരാജ് ദിനാചരണ യോഗത്തിൽ പങ്കെടുത്തു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here