അഭിമന്യൂ വധക്കേസ്;സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍; പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത തള്ളി പൊലീസ്; വിവരങ്ങള്‍ ഇങ്ങനെ

അഭിമന്യൂ വധക്കേസിലെ പ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്ന് പൊലീസ്. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ക‍ഴിഞ്ഞ ദിവസം റിമാന്‍ഡിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അനസിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

അഭിമന്യൂ വധക്കേസില്‍ കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.  കാരണം കൊലപാതകം ഉണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ വിവരങ്ങളും കൈമാറിയിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടാനുളള പ‍ഴുതുകള്‍ നേരത്തേ കണ്ടെത്തിയാല്‍ തന്നെയും വിദേശത്തേക്ക് കടക്കാനുളള സാധ്യത പൊലീസ് തളളിക്കളയുകയാണ്. പ്രദേശത്ത് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവറെയടക്കം പൊലീസ് ചോദ്യം ചെയ്തിരുന്നു.

പ്രതികള്‍ ഉപേക്ഷിച്ച് പോയ വാഹനങ്ങളുടെ രജിസ്ട്രേഷനും മേല്‍വിലാസവും കണ്ടെത്തുകയും ചെയ്തു. അതിനിടെ ക‍ഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്ന് പേരേ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും.

ക‍ഴിഞ്ഞ ദിവസം റിമാന്‍ഡിലായ കൊച്ചി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ അനസിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഗൂഢാലോചന, പ്രതികളെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊലപാതകത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുളള എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ അഭിമന്യൂവിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News