മാറാടിനെ മറക്കരുത്; മുറിവുണക്കിയ കെട്ടിടങ്ങള്‍ പൊളിഞ്ഞു വീ‍ഴുകയാണ്

കലാപ ശേഷം മാറാടിനെ സ്‌നേഹത്തിന്‍റെയും ഒരുമയുടെയും നാടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആശ്വാസ പദ്ധതിയാണ് സ്പര്‍ശം. പ്രദേശത്തെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രദത ഉറപ്പാക്കാനായി 2010 ല്‍ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച തൊ‍ഴില്‍ സംരംഭം.

ശക്തമായ കാറ്റില്‍ പാറിപ്പോയ മേല്‍ക്കൂരയും തുരുമ്പടിച്ച ഉപകരണങ്ങളുമാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ശേഷിപ്പ്. നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലുമായി.

മാറാട് കാരിയായ ഭുവന കെപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആ ‘ദുരിത സ്പര്‍ശ’ത്തിലേക്ക് ഇങ്ങനെ വിരല്‍ ചൂണ്ടുന്നു.

പോസ്റ്റ് ചുവടെ

“മാറാടിന്റെ മുറിവുണക്കിയ ഈ കെട്ടിടങ്ങൾ കാറ്റിലും മഴയിലുമിങ്ങനെ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായിട്ട് ഏതാണ്ട് വർഷം പത്ത് കഴിഞ്ഞു. കലാപവും കൂട്ടക്കൊലയും കൊണ്ട് വ്രണിതമായ മാറാട്ടെ തീര നിവാസി കളുടെ സഹവർതിത്വം ലക്ഷ്യം വെച്ച് സ്ത്രീകൾക്കായി 2001 ൽ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘സ്പർശം’ പദ്ധതിയിലെ തൊഴിൽ കേന്ദ്രമാണിത്.

ഉദ്ദേശ്യലക്ഷ്യം എന്തുമാകട്ടെ മത്സ്യബന്ധനമെന്ന അസ്ഥിരമായ ഒരു തൊഴിൽ മേഖലയെ ആശ്രയിക്കുന്ന കുടുംബങ്ങളെ ഒരു പരിധി വരെ പിടിച്ചു നിർത്തിയിട്ടുണ്ട് ഈ തൊഴിലിടം.

ഓരോ കാലവർഷവും ജൂൺ മാസത്തിൽ തുടങ്ങുന്ന ട്രോളിങ്ങ് നിരോധനവും തീരങ്ങൾക്ക് വിശപ്പിന്റെ മാത്രം വിഷയമല്ല. സ്കൂളുകൾ കോളേജുകൾ തുറക്കുന്ന അധ്യയന കാലം,
അപ്രതീക്ഷിതമായ രോഗവും മറ്റു ദുരിതങ്ങളും. സഹകരണത്തിനോ സഹായത്തിനോ പോന്ന സാമൂഹ്യ ബന്ധങ്ങൾ ഇല്ലാത്തവർക്ക് ബാങ്കും ലോണും പലിശയും മാത്രം ആശ്രയം.

ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പര്യാപ്തമായ ഒന്നായിരുന്നു ഈ തൊഴിൽസ്ഥാപനങ്ങൾ. തയ്യൽ മെഷിനുകളും സ്ക്രാപ്പുകളും അടക്കമുള്ള ഉപകരണങ്ങൾ പൊടിഞ്ഞ് മണ്ണിലലിഞ്ഞു. അവശേഷിക്കുന്നതാണീ കാണുന്നത്.

തീരത്തെ സ്ത്രീകളുടെ ഏക വരുമാനമാർഗമാണ് ഇങ്ങനെ തുരുമ്പിച്ച് ശ്വാസം നിലച്ച്
കിടക്കുന്നത്. തീരങ്ങൾ വറുതിയിലേക്കെന്ന പത്ര വാർത്തകളും ക്യാമറ കണ്ണുകളും
പദ്ധതി ഉദ്ഘാടകൻ ബഹു. ആഭ്യന്തര മന്ത്രി കൊടിയേരിയും ദയവായി ഇതും കൂടി ഒന്നു കാണേണ്ടതാണ്.”

ഭുവനയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ദീദി ദാമോദരന്‍ ഇങ്ങനെ കുറിക്കുന്നു:

“കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്താണെങ്കിലും മാറാട് ഇന്നും എത്രയോ ദൂരത്താണ് എന്നോർമ്മപ്പെടുത്തുന്നു എന്‍റെ പ്രിയ സുഹൃത്ത് ഭുവനേശ്വരിയുടെ തീർത്തും ദുഃഖകരമായ ഈ പോസ്റ്റ് . മാറാടിലേക്ക് എത്താൻ കോഴിക്കോടിനും നമ്മുടെ പൊതു സമൂഹത്തിനും ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഇത് ബോധ്യപ്പെടുത്തുന്നു.
ഈ ദൂരം ഒരു മുറിവാണ് ,അടിയന്തരമായി പൊതു സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട കാണാമുറിവ് .”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here