‘ബലി കുടീരത്തില്‍ നീ ഉറങ്ങുമ്പോ‍ഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു’; ആ മതില്‍ ഇനി അഭിമന്യു മഹാരാജാസ് സ്മാരകം

എസ്ഡിപിഐ- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന് സ്മാരകം തീര്‍ത്ത് മഹാരാജാസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും.

ഇരുട്ടിന്‍റെ മറവില്‍ പതിയിരുന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച് അഭിമന്യുവിനെ കൊലക്കത്തിക്കിരയാക്കിയവര്‍ കാരണമായി പറഞ്ഞത്  ക്യാമ്പസ് ഫ്രണ്ടിന്‍റെ ചുവരെ‍ഴുത്തിന് മുകളില്‍ വര്‍ഗീയത തുലയട്ടെ  എന്ന് എ‍ഴുതിയത്.

ക്യാമ്പസിലും പുറത്തും വിദ്യാര്‍ത്ഥികളെ മതത്തിന്‍റെ പേരില്‍ തരം തിരിച്ച് വര്‍ഗീയ വിത്തുകള്‍ പാകുന്ന എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ടിന്‍റെ വര്‍ഗീയ വാദം തുലയട്ടെ എന്ന് ഇന്ന് കേരളം മു‍ഴുവന്‍ ഏറ്റു പാടുകയാണ്.

ചുവന്ന ഫ്രെയ്മിട്ട് വെള്ളം വീഴാത്ത വിധം റൂഫിട്ട് ആ ചുവരെഴുത്ത്  ചരിത്ര സ്മാരകമാക്കി . മതിലിനു മുഴുവനായി ചില്ലിട്ട് അഭിമന്യുവിന്റെ ആദ്യ രക്തസാക്ഷി സ്മാരകമാക്കിയിരിക്കുകയാണ് അവന്‍റെ കൂട്ടുകാരും അധ്യാപകരും.

കോളേജിന്റെ കിഴക്കേ ഗേറ്റിന്റെ ഇരുവശത്തുമുള്ള മതിലിലാണ് പുറത്ത് നിന്നെത്തിയ പോപുലര്‍ ഫ്രണ്ട്- ക്യാംപസ്  ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചുമരെഴുതിയത്. നവാഗതരെ വരവേല്‍ക്കാന്‍ എസ്എഫ്ഐ ബുക്ക് ചെയ്ത ചുമരിലാണ് ഇരുട്ടിന്‍റെ മറപറ്റി ഒരു കൂട്ടം ക്രിമിനലുകള്‍ ക്യാമ്പസ് ഫ്രണ്ടിന്‍റെ ചുവരെ‍ഴുതിയത്.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മഹാരാജാസ് കോളേജില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് അഭിമന്യുവിനെ വകവരുത്താനുള്ള ഗൂഢാലോചന തന്നെയാണ് അവിടെ നടന്നത്.

ഒരു അഭിമന്യുവിനെ ഇല്ലാതാക്കി ക്യാമ്പസില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കാമെന്നു വിചാരിച്ച വര്‍ഗീയ വാദികള്‍ക്ക് തെറ്റി ആ കോളേജും നാടും ഇന്ന് വര്‍ഗീയത തുലയട്ടെ എന്ന് ഏറ്റു ചൊല്ലുകയാണ്.

ഇനി അത്  അഭിമന്യു മഹാരാജാസ് സ്മാരക മതിലായി അറിയപ്പെടും.  അവന്‍റെ  വാക്കുകള്‍ ഉറക്കെ വിളിച്ച് പറഞ്ഞ് അവന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു സമൂഹം ഇവിടെ ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News