റൊണാള്‍ഡോയെ മറക്കാതെ റയല്‍; ആദരമായി ഹൃദയംകൊണ്ട് നന്ദി പറയുന്ന വീഡിയോ

റയല്‍ മാഡ്രിഡിന്‍റെ ഏറെ നാളായുള്ള മുഖമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബിന്‍റെ ആരാധകബാഹുല്യം ഉയര്‍ത്തിയ, അവര്‍ക്കായി ഓരോ കളികളിലും സ്‌കോര്‍ ചെയ്ത ആ അതിമാനുഷന്‍ യാത്രപറഞ്ഞപ്പോള്‍ അര്‍ഹിക്കുന്ന ആദരമര്‍പ്പിക്കാന്‍ സാന്‍റിയോഗോ ബെര്‍ണബ്യൂവും മറന്നില്ല.

ബെര്‍ണബ്യൂവിന്‍റെ പുല്‍മൈതാനത്തോട് വിടപറഞ്ഞ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ട വിഡിയോയിലൂടെയാണ് റയൽ തങ്ങളുടെ നന്ദിയർപ്പിച്ചത്.

ഒമ്പത് വർഷം അവിസ്മരണീയ പ്രകടനവുമായി സ്പാനിഷ് ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും തങ്ങളെ മികച്ച ടീമാക്കി നിലനിര്‍ത്തിയ C R 7 എന്ന ആഗോള ബ്രാന്‍ഡിലറിയപ്പെടുന്ന റൊണാള്‍ഡോയുടെ മികച്ച ഗോളുകളും റയലിലെ പ്രധാന നിമിഷങ്ങളും ഉൾകൊള്ളുന്ന ആറ് മിനുട്ട് ദൈർഘ്യമുള്ളതാണ് വിഡിയോ.

യുവേഫ ചാംപ്യൻസ് ലീഗ് മൽസരത്തിലെ ബൈസിക്കിൾ കിക്കിനു വേദിയായ യുവെന്‍റസ് അരീനയുടെ അധിപനാകാൻ ചൊവ്വാഴ്ചയാണ് പോർച്ചുഗൽ താരം ഇറ്റാലിയൻ ക്ലബ്ബായ യുവന്‍റസിലേക്ക് മാറിയത്.

റയലിനുവേണ്ടി 451 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ക്ലബ്ബിന്‍റെ ടോപ് സ്കോററുമാണ്. റയലിനൊപ്പം നാലുതവണ ചാംപ്യൻസ് ലീഗ്, രണ്ടു തവണ ലാ ലിഗ, സ്പാനിഷ് കപ്പ്, മൂന്നു തവണ ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിൽ റോണോ പങ്കാളിയായിരുന്നു.

അഞ്ചു തവണ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ റയലിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം കാണാനെത്തിയത് 85, 000 ആരാധകരാണ്.

തുടർന്ന് പിന്നിട്ട ഒൻപതു സീസണുകളിൽ എട്ടെണ്ണത്തിലും നാൽപതിലധികം ഗോളുകൾ വീതം നേടി ക്രിസ്റ്റ്യാനോ ക്ലബിന്‍റെ വീരനായകനായി.

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റയൽ ചാംപ്യൻസ് ലീഗ് കിരീടം 2014ൽ നേടിയതും ക്രിസ്റ്റ്യാനോയുടെ മികവിന്‍റെ കരുത്തിലാണ്.

തുടർന്ന് മൂന്നുതവണ കൂടി ക്ലബ് യൂറോപ്പിന്‍റെ ചാംപ്യൻമാരായതിലും സൂപ്പർതാരത്തിന്‍റെ പ്രതിഭയാണ് നിർണായകമായത്.

ചാംപ്യൻസ് ലീഗ് ഫൈനലി‍ൽ റയലിന് ഹാട്രിക്ക് കിരീടം നേടിയെടുത്തതിന് പിന്നാലെ ക്ലബ് വിട്ടേക്കുമെന്ന് ക്രിസ്റ്റ്യാനോ സൂചിപ്പിച്ചെങ്കിലും പിന്നീട് ഇതു തിരുത്തിയിരുന്നു.

പക്ഷേ റയല്‍ മാഡ്രിഡ്‌ പ്രസിഡന്‍റ് ഫ്‌ളോറെന്‍റിനോ പെരസുമായുള്ള ഭിന്നതയെ തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ് വിടുകയായിരുന്നു.

ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ തോറ്റതിന് ശേഷം കുടുംബത്തോടൊപ്പം ഗ്രീസില്‍ അവധിയാഘോഷിക്കുകയാണ് ഈ സൂപ്പര്‍താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News