കുമ്പസാര പീഡനം; കൂടുതൽ കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

ജലന്ധർ ബിഷപ്പിന് എതിരായ പീഡന ആരോപണത്തിന്മേൽ കൂടുതൽ കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം.

കണ്ണൂർ മഠത്തിൽ ബിഷപ്പ് സന്ദർശനം നടത്തിയ സമയത്തു അന്തേവാസികൾ ആയിരുന്നവരെ കണ്ടെത്തി മൊഴിയെടുക്കുമെന്നും വൈക്കം ഡി വൈ എസ് പി കെ സുഭാഷ് പറഞ്ഞു.

ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ടു മഠങ്ങളിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശക ഡയറി ഉൾപ്പെടെയുള്ള രേഖകൾ കസ്റ്റഡിയിൽ എടുത്തു.

ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ പരിയാരം,പരവൂർ മഠങ്ങളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാല് തവണ കണ്ണൂരിൽ എത്തിയതായി കണ്ടെത്തി.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ബിഷപ്പ് ഒരു തവണ പോലും കണ്ണൂരിലെ മഠങ്ങളിൽ താമസിച്ചിട്ടില്ല.

ഇപ്പോൾ മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രീകളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.

എന്നാൽ ബിഷപ്പ് സന്ദർശനം നടത്തിയ സമയത്തും പീഡന പരാതി ഉയർന്ന കാലയളവിലും ഇവിടെ അന്തേവാസികൾ ആയിരുന്നവർ ഇപ്പോൾ കൂടുതലും മറ്റു സ്ഥലങ്ങളിലാണ്.

അവരെ കൂടി കണ്ടെത്തി മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘ തലവൻ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് പറഞ്ഞു.

ബിഷപ്പിൽ നിന്ന് കൂടുതൽ പേർക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.എന്നാൽ കണ്ണൂരിലെ മഠങ്ങളിൽ നിന്നും ഇപ്പോൾ ലഭിച്ച മൊഴികളിൽ ബിഷപ്പിന്റെ സ്വഭാവ ദൂഷ്യം സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഡി വൈ എസ് പി വ്യക്തമാക്കി.

മഠത്തിലെ സന്ദർശക ഡയറി ഉൾപ്പെടെയുള്ള രേഖകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.കൂടുതൽ തെളിവുകൾ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉൾപ്പെടെ ഉള്ള നടപടികളിലേക്ക് നീങ്ങിയാൽ മതി എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഡി വൈ എസ് പി കെ സുഭാഷ്,എസ് ഐ മോഹൻദാസ്,സിവിൽ പൊലീസ് ഓഫീസർ അനിൽ ,വനിതാ പൊലീസ് ഓഫീസർ ഷീജ എന്നിവരാണ് കണ്ണൂരിൽ എത്തിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

കണ്ണൂരിൽ പരിപാടിക്ക് പങ്കെടുക്കാൻ ബിഷപ്പ് എത്തിയപ്പോൾ കുറുവിലങ്ങാട് മഠത്തിൽ എത്തി പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ ആരോപണതിന് ശക്തി പകരുന്നതാണ് ബിഷപ്പ് നാല് തവണ കണ്ണൂരിൽ എത്തി എന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News