ജെഎന്‍യു വിദ്യാര്‍ഥി നജീബിന്‍റെ തിരോധാനം; സിബിഐ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനേമറ്റശേഷം കാണാതായ വിദ്യാര്‍ഥി നജീബിന്റെ തിരോധാനക്കേസ് സിബിഐ അവസാനിപ്പിക്കാനൊരുങ്ങുന്നു.

നജീബിനെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ലെന്നും കേസ് അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്നും ഡല്‍ഹി ഹൈക്കോടതിയെ സിബിഐ അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി വിവരമില്ല. കേസ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഗണനയിലാണെന്ന് ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ സിബിഐ അറിയിച്ചു.

ക്യാമ്പസിലെ മാഹിമണ്ഢവി ഹോസ്റ്റലില്‍നിന്ന് 2016 ഒക്‌ടോബര്‍ 15നാണ് എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. 14ന് ഹോസ്റ്റലില്‍വെച്ച് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നു.

നജീബിന്റെ തിരോധാനത്തില്‍ ആരോപണവിധേയരായ ഒന്‍പത് വിദ്യാര്‍ഥികള്‍കളെ അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ ഉള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് സിബിഐ കോടതില്‍ പറഞ്ഞു. അന്വേഷണം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെന്നും സിബിഐ അറിയിച്ചു.

എന്നാല്‍, ആേരാപണവിധേയരായ ഒരു വിദ്യാര്‍ഥിയേയും ഇതുവരെ സിബിഐ ചോദ്യം ചെയ്തിട്ടില്ലെന്ന് നജീബിന്റെ അമ്മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോന്‍സാല്‍വസ് പറഞ്ഞു. ആരോപണവിധേയരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍പോലും ശേഖരിക്കാതെ തിരച്ചിലിനായി യെല്ലോ നോട്ടീസ് പുറപ്പെടുവിക്കുകയാണ് ചെയ്തതെന്ന് ഗോന്‍സാല്‍വസ് പറഞ്ഞു. മര്‍ദ്ദനത്തിന് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ടവരാണ് ഈ ഒന്‍പതുപേര്‍.

ഡല്‍ഹി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം എങ്ങുമെത്താതത്തിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മെയില്‍ കേസ് സിബിഐക്ക് കൈമാറിയത്. തന്റെ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നജീബിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ വിശദീകരണം.

ദൃക്‌‌‌സാക്ഷികളായ 18 വിദ്യാര്‍ഥികളുടെയും മൂന്ന് വാര്‍ഡന്‍മ്മാരുടെയും മൂന്ന് സുരക്ഷാ ജീവനക്കാരുടെയും മൊഴികള്‍ ഒരുമിച്ച് ഇനി വാദം കേള്‍ക്കുന്ന സെപ്‌തംബര്‍ നാലിന് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. സിബിഐ കോതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലെ പലഭാഗങ്ങളും ഒഴിവാക്കിയശേഷമാണ് നജീബിന്റെ അമ്മയ്ക്ക് നല്‍കിയതെന്നും കോളിന്‍ ഗോന്‍സാല്‍വസ് പറഞ്ഞു.

തന്റെ മകനെ കണ്ടെത്തുന്നതില്‍ സിബിഐക്ക് ഒരു താല്‍പ്പര്യവുമില്ലെന്ന് നജീബിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. നജീബിനെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സിബിഐയുടേത്. ഹൈക്കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ നജീബ് എവിടെ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News