ഓര്‍ത്തഡോക്‌സ് പീഡനം: ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി അന്വേഷണസംഘം; വൈദികരുടെ വീടുകളില്‍ തിരച്ചില്‍

പത്തനംതിട്ട: കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൂര്‍ണ്ണ സജ്ജമായി അന്വേഷണ സംഘം.

ഒളിവിലുളള ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്കായി അന്വേഷണ സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചു.

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ വീടുകളിലും ഇവര്‍ എത്താന്‍ സാധ്യതയുള്ള മറ്റിടങ്ങളും ക്രൈം ബ്രാഞ്ച് സംഘം ഇതിനോടകം പല തവണ പരിശോധന നടത്തി. പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിക്കഴിഞ്ഞു.

മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂല വിധി ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ വൈദികരുടെ കീഴടങ്ങലിലേക്ക് നയിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ബലപ്രയോഗത്തിലൂടെയുള്ള അറസ്റ്റ് ഒഴിവാക്കാനാണ് തീരുമാനം. കേസില്‍ ഇതിനോടകം അറസ്റ്റിലായ രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ റിമാന്‍ഡിലാണ്.

മുഴുവന്‍ പ്രതികളും അറസ്റ്റിലായ ശേഷം ആവശ്യമെങ്കില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി തേടിയിട്ടുണ്ട്. ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News