ഹിന്ദു പാകിസ്ഥാന്‍ പരമാര്‍ശത്തില്‍ ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അഭിഭാഷകനായ സുമിത് ചൗധരി നല്‍കിയ പരാതിയില്‍ അടുത്ത മാസം 14ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153എ/295എ, ദേശീയതയെ അവഹേളിക്കുന്നത് തടയുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് തൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയില്‍ പരാതി നല്‍കിയത്.
തരൂരിന്റെ പരാമര്‍ശം രാജ്യത്തോടുള്ള അവഹേളനമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശശി തരൂര്‍. കാരണം ഒരു ഓണ്‍ലൈന്‍ ലേഖനത്തില്‍ ഹിന്ദു പാകിസ്ഥാന്‍ ആരോപണം തരൂര്‍ വീണ്ടും ഉന്നയിച്ചു. 2013 മുതല്‍ താന്‍ ഇക്കാര്യം പറയുന്നുണ്ടെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.
വാക്കുകള്‍ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ടായിട്ടും തരൂര്‍ നിലപാട് മാറ്റാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു തൂരിന്റെ പരാമര്‍ശം.
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ ബിജെപി അനുകൂലിക്കുന്നില്ല. ഇരുസഭകളിലും അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പുതിയ ഭരണഘടന വരുമെന്നും തരൂര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ വെച്ചായിരുന്നു തരൂര്‍ വിവാദ പരാമര്‍ശമുന്നയിച്ചത്.
Get real time update about this post categories directly on your device, subscribe now.