ലോകകപ്പ് ആവേശം സെമി ഫൈനലും ഫൈനലുമായി അവസാന രണ്ട് മത്സരങ്ങളിലേക്ക് കടന്നതോടെ കാല്‍പ്പന്തുകളിയിലെ ലോകോത്തര താരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഫിഫ പ്രസിഡണ്ട്‌ ജിയോവാനി ഇന്‍ഫാന്റിനോ.

ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായെങ്കിലും ലയണല്‍മെസ്സി കാല്‍പ്പന്തുകളിയില്‍ പകരക്കാരനില്ലാത്ത താരം തന്നെയാണെന്ന് ഫിഫ പ്രസിഡണ്ട് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോ‍ഴാണ് അദ്ദേഹം റഷ്യന്‍ ലോകകപ്പിലെ വമ്പന്‍ ടീമുകളുടെയും താരങ്ങളുടെയും നേരത്തെയുള്ള പുരത്താകലിനെ കുറിച്ച് സംസാരിച്ചത്.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരത്തില്‍ പതറിയെങ്കിലും അവസാന മത്സരത്തില്‍ വിജയം നേടിയാണ് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.

എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ശക്തരായ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.

ലോകകപ്പില്‍ അര്‍ജന്‍റീനന്‍ ടീമിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ ക‍ഴിഞ്ഞില്ലെങ്കിലും മെസ്സി മികച്ച പ്രകടനമാണ് നടത്തിയത്.

ഫുട്ബോളില്‍ എല്ലായ്പ്പോ‍ഴും വിജയിക്കാന്‍ ക‍ഴിയില്ല എന്നാല്‍ തന്‍റെ ക‍ഴിവിന്‍റെ പരമാവധി മെസ്സി ഈ ലോകകപ്പില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ടീം വിഷമഘട്ടത്തില്‍ നില്‍ക്കുമ്പോ‍ഴെല്ലാം മെസ്സി തന്‍റെ മാന്ത്രികതകൊണ്ട് ടീമിന്‍റെ രക്ഷയ്ക്കെത്തിയിട്ടുണ്ട്.

നൈജീരിയക്കെതിരെ ഒരു ഗോള്‍ നേടി ടീമിനെ നോക്കൗട്ടിലെത്തിക്കാന്‍ താരത്തിനു കഴിഞ്ഞുവെന്നും എല്ലാ മത്സരങ്ങളിലും അര്‍ജന്റീനക്കു വേണ്ടി തന്റെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ മെസിക്കു കഴിഞ്ഞുവെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷമായി നമ്മളെ അത്ഭുതപ്പെടുത്തുന്ന മെസി ഈ ലോകകപ്പിലും അതു തന്നെ ചെയ്താണ് പുറത്തു പോയതെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഒന്നു കൂടി മികച്ച പ്രതിരോധമായിരുന്നുവെങ്കില്‍ മത്സര ഫലം അര്‍ജന്റീനക്ക് അനുകൂലമാകുമായിരുന്നു.

ലോകകപ്പിലെ നെയ്മറുടെ പ്രകടനങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ലോകകപ്പില്‍ അദ്ദേഹത്തിന്‍റെ പ്രകടനം നിരാശാജനകമായിരുന്നുവെന്നവാദത്തെ ഫിഫ പ്രസിഡണ്ട് തള്ളിക്കളഞ്ഞു.

ടീമിന് വേണ്ടി മികടച്ച പ്രകടനം കാ‍ഴ്ച്ചവയ്ക്കാന്‍ നെയ്മര്‍ക്ക് ക‍ഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.