തമിഴ്നാട് കുരങ്ങിണി കാട്ടുതീ ദുരന്തത്തിന് കാരണം വനം വകുപ്പ് ജീവനക്കാരുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. 23 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കൈമാറി.

കഴിഞ്ഞ മാർച്ചിലാണ് കേരള – തമിഴ്നാട് അതിർത്തിയിലെ കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽപെട്ടു ട്രെക്കിങ് സംഘത്തിലെ 23 പേർ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച തമിഴ്നാട് റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അതുല്യ മിശ്രയുടെ റിപ്പോർട്ടിലാണ് കാട്ടുതീയ്ക്കും ദുരന്തത്തിനും കാരണം വനം വകപ്പിന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംഘത്തിലുള്ളവർക്കോ അതു സംഘടിപ്പിച്ചവർക്കോ അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

ദുരന്തത്തിന്റെ വ്യാപ്തി ഇത്രയും വർധിക്കാൻ കാരണം ഇതാണ്. സംസ്ഥാന വനം വകുപ്പിലെ ഒട്ടേറെ ഒഴിവുകൾ നികത്താത്തതു ട്രെക്കിങ് ഉൾപ്പെടെ നിയന്ത്രിക്കുന്നതിനു തടസ്സമാകുന്നുണ്ട്. ദുരന്തം സംഭവിച്ചപ്പോൾ ഇതിനോട് എളുപ്പത്തിൽ പ്രതികരിക്കുന്നതിലും വീഴ്ചയുണ്ടായി. കുരങ്ങിണി മലകളിൽ അനുമതിയില്ലാതെ നിർമിച്ച ലോഡ്ജുകളും ദുരന്തത്തിനു കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

125 പേജുള്ള അന്വേഷണ റിപ്പോർട്ട് പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നു തമിഴ്നാട്മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു.