അറബ് സംഗീതത്തിന്‍റെ രാജകുമാരനെന്നറിയപ്പെടുന്ന മജീദ് അല്‍ മൊഹന്‍ദിസിന്‍റെ സംഗീതപരിപാടിക്കിടെ വേദിയിലെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച സൗദി വനിത അറസ്റ്റില്‍.വെള്ളിയാഴ്ച ടെയിഫില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം.
ഇറാഖ് സ്വദേശിയായ മൊഹന്‍ദിസ് സൗദി അറേബ്യ പൗരത്വമുള്ള ഗായകനാണ്.വെള്ളിയാഴ്ച ടെയിഫില്‍ അദ്ദേഹം നടത്തിയ സംഗീതപരിപാടിക്കിടെയാണ് സൗദി സ്വദേശിയായ സ്ത്രീ വേദിയിലെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്.മൊഹന്‍ദസിനെ കെട്ടിപ്പിടിച്ച വനിതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയായിരുന്നു.
ബന്ധത്തില്‍പെട്ടവരല്ലാത്ത പുരുഷന്‍മാരുമായി പൊതുയിടത്തില്‍ ഇടപഴകുന്നത് സൗദിയില്‍ അനുവദനീയമല്ല.അറസ്റ്റുചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയയാക്കാനാണ് തീരുമാനം.പൊതുയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ സൗദി സ്ത്രീകള്‍ക്ക് നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇടപെടലുകളിലൂടെ ഫുട്ബോള്‍ കാണാനും പൊതുപരിപാടികളില്‍ പങ്കെടുക്കാനുമുള്ള അവസരങ്ങള്‍ സൗദി സ്ത്രീകള്‍ക്ക് ലഭിക്കുകയായിരുന്നു.സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതും ഇദ്ദേഹത്തിന്‍റെ ഇടപെടലിലൂടെയാണുണ്ടായത്.
ഏതായാലും ശക്തമായ നിയമനടപടികള്‍ മൊഹന്‍ദസിനെ വേദിയിലെത്തി കെട്ടിപ്പിടിച്ച സ്ത്രീ നേരിടേണ്ടിവരുമെന്ന സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Get real time update about this post categories directly on your device, subscribe now.