മനുഷ്യത്വം മരവിക്കുന്ന ക്രൂരത വീണ്ടും ഉത്തരേന്ത്യയില്‍. ഉത്തര്‍പ്രദേശിലെ സാംബല്‍ ജില്ലയില്‍ മുപ്പത്തിയഞ്ചുകാരിയായ യുവതിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് ക്ഷേത്രത്തിലെ യാഗശാലയില്‍ വച്ച് ജീവനോടെ ചുട്ട്കൊന്നു.

യു.പിയിലെ രാജ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. രണ്ട് കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്.

ശനിയാ‍ഴ്ച പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാത്സംഗത്തിന് ശേഷം കടന്ന് കളയുകയായിരുന്നു.

സംഭവം പൊലീസിലറിയിക്കാന്‍ യുവതി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഭര്‍ത്താവ് വല്‍കിയ പരാതിയില്‍ പറയുന്നു. സഹോദരനെയും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തുടര്‍ന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധു സ്റ്റേഷനില്‍ വിവരമറിയിക്കുമ്പോ‍ഴേക്കും അഞ്ചംഗ സംഘം തിരിച്ചെത്തി അടുത്തുള്ള ക്ഷേത്രത്തിലേക്ക് എടുത്ത്കൊണ്ടുപോവുകയായിരിന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അക്രമത്തില്‍ പങ്കെടുത്ത രണ്ട്​ പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്​. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്​തിരുന്നുവെന്നും പറയുന്നുണ്ട്​.

അരം സിങ്​, മഹാവീര്‍, ചരണ്‍ സിങ്​, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസി​​ന്‍റെ പ്രാഥമിക നിഗമനം.

കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതി ബന്ധുവിനെ വി‍ളിച്ച ഫോണ്‍കോളിന്‍റെ ഒാഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഫോണ്‍കോള്‍ പരിശോധിച്ച ശേഷം വിശദമായ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.ജി.പി പ്രേം പ്രകാശ്​ പറഞ്ഞു.