അഭിമന്യു കൊലക്കേസില്‍ പ്രധാന പ്രതികളിലൊരാളായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

ഒളിവില്‍ കഴിയുകയായിരുന്ന ആലുവ സ്വദേശിയും ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ യുവാവിനെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പോലീസ് അറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാള്‍ കൊലപാതക സംഘത്തിലെ പ്രധാനിയെന്ന് വ്യക്തമായിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് എഫ് ഐ ആറില്‍ സൂചിപ്പിച്ചിരുന്നു. എന്തു വില കൊടുത്തും ചുവരെഴുതാനും അടിച്ചാല്‍ തിരിച്ചടിക്കാനും തയ്യാറായാണ് തങ്ങള്‍ മഹാരാജാസ് ക്യാമ്പസിലെത്തിയതെന്ന് പിടിയിലായ യുവാവ് പോലീസിന് മൊഴി നല്‍കി.

അതു കൊണ്ട് തന്നെ ആയുധങ്ങളുമായാണ് ക്യാംപസിലെത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മുഹമ്മദ് ഉള്‍പ്പടെ മറ്റ് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്.

അറസ്റ്റിലായ പ്രധാന പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇവരുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൊലപാതക സംഘത്തില്‍പ്പെട്ട പ്രധാന പ്രതികളും ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.

പ്രതികളാരും രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ പോലീസ് കേരളത്തിനകത്തും പുറത്തും ശക്തമായ പരിശോധന തുടരുകയാണ്. കോടതികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ അവശേഷിക്കുന്ന പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാാസത്തിലാണ് അന്വേഷണ സംഘം.