റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം. ലോകം കീ‍ഴടക്കി ഫ്രഞ്ച് പട. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് പട ലോകകപ്പില്‍ മുത്തമിട്ടത്.

ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പില്‍ മുത്തമിട്ടത്. പൊരുതി കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനവുമായി മടക്കം.

ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചും സംഘവും മടങ്ങുന്നത്.
<
ക്രൊയേഷ്യൻ താരം മാന്‍സുകിച്ചിന്‍റെ സെല്‍ഫ് ഗോളിലൂടെ അക്കൗണ്ട് തുറന്ന ഫ്രാന്‍സ് 38 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ അന്റോയിൻ ഗ്രീസ്മാനിലൂടെ രണ്ടാം ഗോളും   59 ആം മിനിട്ടില്‍ പോള്‍ പോഗ്ബയിലൂടെ മൂന്നാം ഗോളും 65 ആം മിനുട്ടില്‍ കിലിയൻ എംബപെയിലൂടെ നാലാം ഗോളും നേടി വിജയം പദത്തിലേക്ക് കുതിച്ചു.

28 ആം മിനുട്ടില്‍ ഇവാൻ പെരിസിച്ചും 69 ആം മിനുട്ടില്‍ മരിയോ മാൻസൂക്കിച്ചും ക്രൊയേഷ്യയുടെ ആശ്വാസ ഗോളുകൾ നേടി.

മരിയോ സഗല്ലോ (ബ്രസീൽ), ഫ്രാൻസ് ബെക്കൻബോവർ (ജർമനി) എന്നിവർക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാമിനെ തേടിയെത്തിയതും റഷ്യന്‍ ലോകകപ്പിന്‍റെ പ്രത്യേകതയാണ്.  1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്.

അട്ടിമറി വിജയത്തിനും അപ്രതീക്ഷിത പരാജയത്തിനും വേദിയായ റഷ്യന്‍ ലോകകപ്പിന് ഇതോടെ പരിസമാപ്തി കുറിച്ചു.