മുംബൈ: കേരളത്തില്‍ നിന്നും യുവതിയെ തട്ടി കൊണ്ടുവന്ന കേസിലെ പ്രതിയായ ബിനീഷാണ് മുംബൈയില്‍ പിടിയിലായത്.

കടക്കരപ്പള്ളി കളരിത്തറ ബിനീഷ് എന്ന 43 കാരന്‍ നാല് വര്‍ഷമായി മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

2014ലാണ് ഭാര്യയും രണ്ടു മക്കളുമുള്ള ബിനീഷ് ചേര്‍ത്തല സ്വദേശിയായ യുവതിയെ മുംബൈയിലേക്ക് തട്ടിക്കൊണ്ടു വന്നത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.

ഇതിനെ തുടര്‍ന്ന് ബിനീഷിനെ പിടികൂടി യുവതിയെ കേരളത്തില്‍ എത്തിച്ചിരുന്നുവെങ്കിലും റിമാന്‍ഡ് കാലവുധിക്ക് ശേഷം ബിനീഷ് വീണ്ടും മുംബൈയിലേക്ക് മുങ്ങുകയായിരുന്നു.

നാല് വര്‍ഷമായി മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പന്‍വേല്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പിടിക്കാനായത്.

നഗരത്തില്‍ കേരളാ പോലീസ് എത്തിയതറിഞ്ഞു വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ബിനീഷ്. പിടി കൊടുക്കാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലും ബസ് ഡിപ്പോകളിലുമൊക്കെയാണ് ഇയാള്‍ കഴിഞ്ഞു വന്നിരുന്നത്

എഎസ്‌ഐ ജൂഡ് ബെനഡിക്ട് സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് ഗോപകുമാര്‍, സുരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.