പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാവും. സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സഭയില്‍ രൂക്ഷമായി ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായിട്ടില്ലെന്നാണ് സൂചന.

18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. ലോക്‌സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്.

മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

അതേസമയം സഭാ നടപടികള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തടസ്സപ്പെടുത്തി പ്രതിപക്ഷത്തെ പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെന്നാണ് സൂചന.

രാജ്യസഭാ ഉപാധ്യക്ഷ തെരെഞഞെടുപ്പില്‍ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാടാകും നിര്‍ണായകമാവുക.

ആന്ധ്രപ്രദേശിനു പുറമെ ബീഹാറും പ്രത്യേക പദവി ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണം, രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍. സ്ത്രീകള്‍ക്ക് എതിരായ ആക്രമണം. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ന്നു വരും.