ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി.

പശുവിന്റെ പേരിലടക്കുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പശു സംരക്ഷണത്തിന്റെ പേരിലുള്‍പ്പടെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തടയണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അക്രമം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശം നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആറു മാസത്തിനകം വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കോടതി ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭയാനകമായ ഇത്തരം അക്രമങ്ങള്‍ അപലപനീയമാണ്.

ആള്‍ക്കൂട്ട അക്രമങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടതും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കോടതി നിരീക്ഷിച്ചു കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനവാല നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഓഗസ്റ്റ് 28ന് വീണ്ടും പരിഗണിക്കും.