ബധിര വിദ്യാര്‍ഥിനിയെ ഫ്ളാറ്റ് ജീവനക്കാര്‍ പീഡനത്തിനിരയാക്കിയത് ഏഴുമാസം; 18 പേര്‍ പിടിയില്‍; പ്രതികള്‍ക്ക് കോടതി വളപ്പില്‍ അഭിഭാഷകരുടെ മര്‍ദ്ദനം

ചെന്നൈ അയനവാരത്തെ ഫ്‌ളാറ്റിലാണ് മനസാക്ഷിയെ നടുക്കന്ന പീഡന പരമ്പര അരങ്ങേറിയത്.

ബധിരയായ പന്ത്രണ്ടുവയസുകാരിയെ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി കോളേജ് വിദ്യാര്‍ത്ഥിയായ സഹോദരിയോട് വെളിപ്പെടുത്തിയതോടെയാണ് ഏഴുമാസത്തിലധികം നീണ്ട പീഡന കഥ പുറത്തറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ രവികുമാര്‍ ഉള്‍പ്പടെ പതിനെട്ടുപേര്‍ ഇതിനകം പിടിയിലായി. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരും ജീവനക്കാരുമാണ് പ്രതികളില്‍ മിക്കവരും.

ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍, ശുചീകരണ തൊഴിലാളി, പൂന്തോട്ടക്കാരന്‍, പ്‌ളംമ്പിങ്ങ് ജീവനക്കാര്‍ എന്നിവരും പിടിയിലായിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കരായ സ്വകാര്യ കമ്പനി ജീവനക്കാരും പിടിയിലായിട്ടുണ്ട്.

സോഫ്റ്റ് ഡ്രിങ്കില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതികള്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലിന്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് ഇയാള്‍ കൂടുതല്‍ ആളുകള്‍ക്ക് അവസരം ഒരുക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങുന്ന കുട്ടിയെ ഫ്‌ളാറ്റിലെ ശുചിമുറിയടക്കം വിവിധ ഇടങ്ങളിലെത്തിച്ചാണ് പീഡനം തുടര്‍ന്നത്.

മുന്നൂറ് ഫ്‌ളാറ്റുകളുളള കെട്ടിട സമുച്ചയത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. കുട്ടിയുടെ പിതാവ് രാവിലെ ജോലിക്ക് പോയ ശേഷമാണ് പ്രതികള്‍ പീഡനം നടത്തിയിരുന്നത്.

അമ്മയ്ക്ക് സംശയം തോന്നാത്ത തരത്തിലായിരുന്നു പ്രതികളുടെ പെരുമാറ്റം. ഒഴിഞ്ഞ ഫ്‌ളാറ്റുകളുളളതും പ്രതികള്‍ക്ക് സഹായകമായി.

പീഡന വിവരം പുറത്തായതോടെ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്. ഇതിനിടെ പിടിയിലായവരെ കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ അഭിഭാഷര്‍ കയ്യേറ്റം ചെയ്തു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here