പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; മുത്തലാഖ് ഉള്‍പ്പെടെ പ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക്

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. 13 ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

എന്നാല്‍ ഉപാദ്ധ്യക്ഷ സ്ഥാനം എന്‍സിപിയ്ക്ക് നല്‍കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദ്ധാനം പോലും പാലിക്കാന്‍ നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബിജെപിയ്ക്ക് സാധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ സ്ത്രീ സുരക്ഷ, വില വര്‍ധനവ്, കാശ്മീര്‍ വിഷയം, ആള്‍ക്കൂട്ട ആക്രമണം, കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ സഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക.

ലോക്‌സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്.

മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.

പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷം ഇത്രയും വിഷയങ്ങള്‍ ഒന്നിച്ചു ഉന്നയിക്കുന്നതിലൂടെ സഭ പ്രക്ഷുബ്ദമാവുമെന്നുറപ്പാണ്.

അതേസമയം രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം എന്‍സിപിയ്ക്ക് നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News