രാമായണം കത്തിക്കാൻ പറയാൻ കേശവ ദേവിന് പ്രേരണയായത് കമ്യൂണിസമല്ല; മഹാകവി അക്കിത്തത്തിന് മറുപടിയുമായി കെഇഎൻ

സത്യത്തിൽ കേശവദേവിന്റെ രാമായണം കത്തിക്കൽ പ്രസ്താവനയ‌്ക്ക്, മാർക്സിസവുമായോ ഇടതുപക്ഷ മതനിരപേക്ഷ കാഴ്ചപ്പാടുമായോ ഒരു ബന്ധവുമില്ലെന്ന് ദേശാഭിമാനിയിൽ എ‍ഴുതിയ ലേഖനത്തിൽ കെഇഎൻ പറയുന്നു.

“ജാതിവ്യവസ്ഥയോടുള്ള തീവ്ര അമർഷം നിമിത്തം, ‘ആര്യസമാജിൽ’ ആകൃഷ്ടനായതോടെയാണ്, ‘കേശവപ്പിള്ള’ കേശവദേവ് ആകുന്നത്.

പതിനെട്ടാമത്തെ വയസ്സിൽ ‘ജാതിവാൽ’ വെട്ടി ആര്യസമാജക്കാരനായി മാറിയ അത്യാവേശത്തിലാണ് കേശവദേവ് രാമായണം കത്തിക്കണമെന്ന് ആക്രോശിച്ചത്” – കെഇഎൻ വിശദീകരിക്കുന്നു.

“ആര്യസമാജ സ്ഥാപകനും ആത്മീയ ചിന്തകനുമായ ദയാനന്ദസരസ്വതിയുടെ ‘സത്യാർഥപ്രകാശം’ വായിച്ചാൽ എന്തുകൊണ്ട് രാമായണം കത്തിക്കണമെന്ന് ദേവ് പറഞ്ഞെന്ന് ആർക്കും മനസ്സിലാകും.

വേദമൊഴിച്ച് മറ്റെല്ലാറ്റിനെയും നിശിതവിമർശത്തിന് വിധേയമാക്കിയ ദയാനന്ദസരസ്വതിയിൽനിന്നാണ്, അല്ലാതെ പലരും പ്രചരിപ്പിക്കുന്നതുപോലെ മാർക്സിൽനിന്നല്ല.

ആ രാമായണകാര്യത്തിൽ കേശവദേവ് ആവേശംകൊണ്ടത്. ശ്രീരാമദേവനുൾപ്പെടെയുള്ള അവതാരസങ്കൽപ്പങ്ങളെ അസംബന്ധമായി കണ്ട ദയാനന്ദസരസ്വതിയുടെ ആശയമാണ്, ദേവിന്റെ രാമായണം ചുട്ടുകരിക്കാനുള്ള ആഹ്വാനമായി രൂപപ്പെട്ടത്.”

ഇക്കാര്യം, ‘മനസാസ്മരാമി’ എന്ന തന്റെ ആത്മകഥയിൽ ഡോ. എസ് ഗുപ്തൻനായർ അടയാളപ്പെടുത്തിയിട്ടുണ്ട് എന്നും കെഇഎൻ എടുത്തുകാട്ടുന്നു.

“വേദങ്ങളെ സർവപ്രധാനമായി കണ്ടിരുന്ന ആര്യസമാജത്തിന് രാമായണം ഒരു മതഗ്രന്ഥമായിരുന്നില്ല.

അവതാരസങ്കൽപ്പങ്ങളിൽ വിശ്വസിക്കാത്ത അവർക്ക് രാമൻ ഒരു ഇതിഹാസകഥാപാത്രം മാത്രമായിരുന്നു.

ആര്യസമാജത്തിന്റെ ഈ പശ്ചാത്തലമാണ് ദേവിനെക്കൊണ്ട് രാമായണം ചുട്ടെരിക്കണമെന്ന് പ്രസംഗിപ്പിച്ചത്.”

രാമായണം കത്തിക്കണമെന്ന് പറഞ്ഞവരുടെ പിൻതലമുറയ്ക്ക് രാമായണം പഠിക്കണമെന്ന് പറയേണ്ടിവന്നത്, അത് ഭാരതത്തിന്റെ ആത്മാവായതുകൊണ്ടാണെന്ന മഹാകവി അക്കിത്തത്തിന്റെ പരാമർശത്തിന് മറുപടിയുമായാണ് കെഇഎൻ എത്തിയത്.

“അരനൂറ്റാണ്ടിനുമുമ്പ് ഒരു മഹാസാഹിത്യകാരൻ രാമായണം കത്തിക്കണമെന്ന് വിളിച്ചുപറഞ്ഞു. ആ പുണ്യാത്മാവ് ഇപ്പോൾ നമ്മോടൊപ്പമില്ല.

ഞാനും ആ സദസ്സിലുണ്ടായിരുന്നു. എന്നാൽ, ഇന്ന് അവരുടെ പിൻഗാമികൾ രാമായണത്തിന് പല പാഠങ്ങളുണ്ടെന്നും അത് ജനങ്ങളെ പഠിപ്പിക്കണമെന്നും പറയുന്നു.

ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ ദാമോദരനെപ്പോലുള്ള വിരലിലെണ്ണാവുന്ന ചിലർ ഇത്തരത്തിൽ ചിന്തിച്ചു.

എന്നാൽ, അവരുടെ പിൻഗാമികൾ ഈ സംസ്കൃതിയെ അവഹേളിക്കാനാണ് ശ്രമിച്ചത്. ഇതു മനസ്സിലാക്കി വിവേകമില്ലാതെ വിളിച്ചുപറയുന്നവരെക്കൊണ്ട് തിരുത്തി പറയിപ്പിക്കാൻ എം എ കൃഷ്ണനും എന്റെ മറ്റൊരു സുഹൃത്തായ മാധവ്ജിയും നിശ്ശബ്ദമായി പ്രവർത്തിച്ചു.

അതിന്റെ പരിണതഫലമാണ് ഈ മാറ്റിപ്പറച്ചിലുകൾ” എന്ന ജന്മഭൂമി റിപ്പോർട്ട് ചെയ്ത അക്കിത്തത്തിന്റെ പ്രസംഗത്തിനാണ് കെഇഎൻ മറുപടി പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News