കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊല്ലാന്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ്.

താന്‍ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നിര്‍ദേശമാണെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഹമ്മദ് മൊഴി നല്‍കി.

അഭിമന്യുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്തത് താനാണ്. കൃത്യം നടത്താന്‍ സംഘത്തെ നിയോഗിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വമാണ്. ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയത് ബോധപൂര്‍വ്വമാണെന്നും മുഹമ്മദ് മൊഴി നല്‍കി.

അക്രമത്തിനുള്ള ആസൂത്രണം ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങിയിരുന്നെന്നും കൃത്യത്തിനു ശേഷം രക്ഷപ്പെടാനുള്ള പദ്ധതിയും നേരത്തെ തയ്യാറാക്കിയിരുന്നെന്നും മുഹമ്മദ് പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദിനെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നുമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും ക്യാമ്പസ്ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമാണ് മുഹമ്മദ്.

മുഹമ്മദിന്റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 15 അംഗ അക്രമി സംഘത്തില്‍ മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ബാക്കി പുറത്തു നിന്നുള്ളവരുമാണെന്ന് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

മുഹമ്മദിനെ അറസ്റ്റ് ചെയ്തതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.