കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് സൂചന.

അഭിമന്യുവിനെ കൊലപ്പെടുത്തിയ ദിവസവും അതിന് ശേഷവും വനിതാ പ്രവര്‍ത്തകര്‍ മുഖ്യപ്രതി മുഹമ്മദുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം ക്യാമ്പസിലേക്കും നീട്ടാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംശയനിഴലിലുള്ള ഒരു പെണ്‍കുട്ടി ഒളിവില്‍ പോയതായും സൂചനയുണ്ട്.

അതേസമയം, കൊലയാളി സംഘത്തിലെ ഒരാളെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തില്‍ പങ്കെടുത്തുവെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയും മഹാരാജാസിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മുഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൃത്യത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേരുകള്‍ മുഹമ്മദിന്റെ മൊഴിയിലുണ്ട്. അറസ്റ്റിലായവരില്‍ അഞ്ചു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതൃത്വമാണ് അഭിമന്യുവിനെ വധിക്കാന്‍ തീരുമാനിച്ചതെന്നും എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം എല്ലാവിധ സഹായവും നല്‍കിയെന്നും മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്.