അഭിമന്യു വധം: അക്രമത്തിന് നേതൃത്വം നല്‍കിയത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാ‍വ്; അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചുകൊടുത്തതു ഞാന്‍ തന്നെ; പ്രധാന പ്രതി മുഹമ്മദിന്‍റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

അഭിമന്യുവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ച മഹാരാജാസ് കോളേജിലെ അക്രമത്തിന് നേതൃത്വം നല്‍കിയത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവെന്ന് മുഹമ്മദിന്‍റെ മൊ‍ഴി. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് കൊലപാതക സംഘത്തിന് നേതൃത്വം നല്‍കിയതെന്നും അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദ് പോലീസിനോട് പറഞ്ഞു.

ഒളിവില്‍ ക‍ഴിയുന്ന റിഫക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ക്യാമ്പസിലേക്ക് കൊലപാതക സംഘത്തെ വിളിച്ചു വരുത്തിയതും അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചുകൊടുത്തതും താനാണെന്ന് മഹാരാജാസിലെ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് നേതാവായ മുഹമ്മദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ ഇവിടെ നിന്നും പിന്‍വാങ്ങി. അതിനു ശേഷം മുഹമ്മദ് റിഫയാണ് അക്രമസംഘത്തെ നയിച്ചതെന്നും മുഹമ്മദ് മൊ‍ഴി നല്‍കിയിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് റിഫയെന്നും മുഹമ്മദ് മൊ‍ഴി നല്‍കി. കൃത്യത്തിനു ശേഷം കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ സ്വന്തം നാട്ടിലേക്ക് പോയി.

അവിടെ ഒളിവില്‍ ക‍ഴിയാന്‍ സഹായിച്ചത് നാട്ടുകാരനായ ഷാനവാസായിരുന്നു. ഇയാളെ ക‍ഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇക്കാര്യം ഷാനവാസും പോലീസിനോട് സ്ഥിരീകരിച്ചിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ റിഫ പൂത്തോട്ടയിലെ സ്വകാര്യ ലോ കോളേജില്‍ വിദ്യാര്‍ഥിയാണ്.

സംഭവത്തിന് ശേഷം റിഫയെ കോളേജില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.ഒളിവില്‍ തുടരുന്ന റിഫക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടാന്‍ ക‍ഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

അതേ സമയം പ്രതികള്‍ക്ക് സഹായം ചെയ്തുവെന്ന് കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശി നൗഷാദ് അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News