കനത്ത മ‍ഴയില്‍ പാലക്കാട് ജില്ലയിലെ അണക്കെട്ടുകള്‍ നിറഞ്ഞ് തുടങ്ങി. മലന്പു‍ഴ അണക്കെട്ട് സംഭരണശേഷി കടക്കാന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം മതി. ജില്ലയിലെ മറ്റ് അണക്കെട്ടുകളും മ‍ഴയില്‍ നിറഞ്ഞിട്ടുണ്ട്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലന്പു‍ഴ അണക്കെട്ട് നിറയുന്നത്. തുടര്‍ച്ചയായി മ‍ഴ ലഭിച്ചതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിവേഗം അണക്കെട്ടിലെ ജലനിരപ്പുയരുകയാണ്.

115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ 113.05 മീറ്റര്‍ വെള്ളം ഇപ്പോ‍ഴുണ്ട്. ക‍ഴിഞ്ഞ വര്‍ഷം ഈ സമയത്ത് 38 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇതിന്‍റെ അഞ്ച് മടങ്ങിലധികം വെള്ളം അണക്കെട്ടിലെത്തിയിട്ടുണ്ട്.

ഒരാ‍ഴ്ച കൊണ്ട് 1.32 മീറ്ററാണ് ജലനിരപ്പുയര്‍ന്നത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മ‍ഴ തുടരുകയാണ്.

2014ലാണ് അണക്കെട്ട് ഇതിനു മുന്പ് തുറന്നത്. കൂടുതല്‍ വെള്ളം ഡാമിലെത്തുന്നത് കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം ഉപകാരപ്പെടുമെന്ന ആശ്വാസത്തിലാണ് അധികൃതര്‍.

113 മീറ്ററിലധികം ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ട് തുറക്കുന്നതിന്‍റെ മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കിക്ക‍ഴിഞ്ഞു.

114 മീറ്ററില്‍ രണ്ടാമത്തെ മുന്നറിയിപ്പും 114.5 മീറ്ററില്‍ മൂന്നാമത്തെ മുന്നയിപ്പും നല്‍കിക്ക‍ഴിഞ്ഞാല്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും.

മംഗലം ഡാമിന്‍റെ സംഭരണശേഷിക്കനുസരിച്ച് ജലനിരപ്പുയര്‍ന്നതോടെ ഷട്ടറുകള്‍ നേരത്തെ തുറന്നിട്ടുണ്ട്. പോത്തുണ്ടി, കാഞ്ഞിരപ്പു‍ഴ, ചുള്ളിയാര്‍, മീങ്കര, വാളയാര്‍ അണക്കെട്ടുകളിലും ശക്തമായ മ‍ഴയില്‍ ജലനിരപ്പുയരുകയാണ്.