കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും. ഫലത്തില്‍ വ്യക്തമായ സ്വാധീനം എന്‍ഡിഎ സര്‍ക്കാരിന് ലോകസഭയിലുണ്ടെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാന്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് സാധിക്കും.

സര്‍ക്കാരിനെ തുറന്ന് കാണിക്കാനുള്ള അവസരമാക്കി ചര്‍ച്ചയെ മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുക.

2003ല്‍ അന്നത്തെ വാജ്പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്.

ഫലത്തില്‍ ബിജെപിക്കെതിരേയുള്ള അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ പാര്‍ലമെന്റിലെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം അവിശ്വാസത്തെ പിന്തുണക്കേണ്ടിവരും.

നിലവിലെ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടാനാണ് സാധ്യത.നിലവില്‍ 535 അംഗങ്ങളുള്ള ലോക്‌സഭയില്‍ 268 വോട്ടുകള്‍ അവിശ്വാസ പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യമാണ്.

എന്നാല്‍ 129 അംഗങ്ങളാണ് ആകെ പ്രതിപക്ഷത്തുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത ബിജെഡി ടിആര്‍എസ് എസ്പി എന്നിവര്‍ പിന്തുണച്ചാലും ഈ സംഖ്യ 166 ആയെ ഉയരൂ.

സഭയില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.ബി.ജെ.പി നേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന അവിശ്വാസ പ്രമേയത്തില്‍ പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

ശിവസേനയ്ക്ക് പുറമെ എന്‍.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്നീ പാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണയ്ക്കും.

സഭയിലെ അംഗ ബലമനുസരിച്ച് ചര്‍ച്ചയില്‍ 3 മണിക്കൂര്‍ 38 മിനുട്ട് സംസാരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ 38 മിനുട്ട് മാത്രമാണ് സമയമുള്ളത്. ചര്‍ച്ചക്കുള്ള മറുപടിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും പ്രധാന മന്ത്രി വൈകുന്നേരം എഴുമണിയോടെ മറുപടി പറയും.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നു പറഞ്ഞ ടിഡിപി എംപി ദിവാകര്‍ റെഡ്ഢി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News