വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 4 ടണ്‍ മത്സ്യം പിടികൂടി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നാഗപട്ടണത്ത് നിന്നെത്തിയ ലോറി പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം മത്സ്യം കുഴിച്ചുമൂടി.

നാഗപട്ടണത്ത് നിന്നെത്തിയ ലോറി വടകര കോട്ടക്കടവ് ദേശീയപാതയില്‍ കേടാവുകയായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മോട്ടാര്‍ വാഹന വകുപ്പെത്തി പരിശോധന നടത്തി.

കണ്ണൂരിലേക്ക് എത്തിച്ച മത്സ്യം കച്ചവടക്കാര്‍ തിരിച്ചയച്ചതാണെന്ന് ലോറി ജീവനക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു. ഇവരുടെ പരിശോധനയില്‍ മത്സ്യത്തിലും ഐസിലും ഫോര്‍മാലിന്‍ കണ്ടെത്തി.

കേടു വന്ന മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ കുഴിച്ചുമൂടി. തമിഴ്‌നാട് അടക്കമുളള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം കേരള വിപണിയിലേക്ക് എത്തുന്നതറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

വിവിധ സ്ഥലങ്ങളില്‍ വലിയ അളവില്‍ മത്സ്യം പിടികൂടുകയും ചെയ്തു. മത്സ്യ പരിശോധന കര്‍ശനമായി തുടരാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.