പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

കേന്ദ്ര ഖനമന്ത്രാലയത്തിന്‍റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്‍റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയതും വിൽക്കാൻ ശ്രമമാരംഭിച്ച കമ്പനിയെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.

ഈ കമ്പനി ഏറ്റെടുക്കന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി 4 അംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതകളുമാണ് നിലവില്‍ പാലക്കാട് ഇന്‍ട്രുമെന്‍റേഷന്‍ കമ്പനിക്കുള്ളതെന്ന് കണക്കാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ വേതനവും, കുടിശ്ശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്.

53.02 കോടി രൂപ കേന്ദ്ര സർക്കാരിന് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കമ്പനി ഏറ്റെടുക്കുന്നത്. ഇനി മുതല്‍ മെ.ഇന്‍സ്ട്രുമെന്‍റേഷന്‍ ലിമിറ്റഡ് -കേരള എന്നായിരിക്കും ഈ സ്ഥാപനം അറിയപ്പെടുക.

പുതിയ പേരില്‍ കമ്പനി രൂപീകരിക്കാന്‍ റിയാബിനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാസർകോട് ബെല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്നീ കമ്പനികളും വിറ്റഴിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ഈ കമ്പനികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇന്‍ട്രുമെന്‍റേഷന്‍ കമ്പനിയെ സംസ്ഥാനം ഏറ്റെടുത്തത്.

കേന്ദ്രം അവഗണിച്ച കമ്പനികളെ കേരളം ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്നും, വ്യാവസായിക മേഖല കൂടുതല്‍ വളര്‍ച്ചയിലേക്ക് മുന്നേറുമെന്നും വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here