ക്യാമ്പസ് ഫ്രണ്ടിന്റെ ചുവട് പിടിച്ച് വിക്ടോറിയ കോളേജില്‍ സംഘര്‍ഷത്തിന് ശ്രമിച്ച് ഫ്രട്ടേണിറ്റി മൂവ്‌മെന്റ്; ക്യാമ്പസില്‍ അഭിമന്യുമാര്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണി

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കി ഫ്രട്ടേണിറ്റി മൂവ്‌മെന്റ്.

ക്യാമ്പസില്‍ എസ്എഫ്‌ഐ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന ക്യാമ്പസ് ഫ്രണ്ടിന്റെ വാദം ചുവട് പിടിച്ചാണ് ഗവ.വിക്ടോറിയ കോളേജില്‍ ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംഘര്‍ഷത്തിന് ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ മെമ്പര്‍ഷിപ്പ് ചേര്‍ക്കാനെന്ന വ്യാജേന കോളേജിന് പുറത്ത് നിന്നുള്ള ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തി.

പ്രിന്‍സിപ്പലുടെ അനുവാദമില്ലാതെ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ച് മെമ്പര്‍ഷിപ്പ് ചേര്‍ക്കാനൊരുങ്ങി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാര്യമന്വേഷിച്ചപ്പോള്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ ബഹളം വച്ച് ആളെ കൂട്ടി.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റം നടന്നു. ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വിളിച്ചു വരുത്തിയ ചാനല്‍ മാധ്യമവുമെത്തി. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുള്‍പ്പടെ വിദ്യാര്‍ത്ഥിനികളെയും ഇവര്‍ കയ്യേറ്റം ചെയ്തതായി എസ്എഫ്‌ഐ പറഞ്ഞു.

അതിക്രമം ചോദ്യം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകയെ പെണ്ണ് സംസാരിക്കേണ്ടതില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.വ്യാഴാഴ്ച അര്‍ധരാത്രി കോളേജിലെ എസ്എഫ്‌ഐയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു.

പൊലീസെത്തി വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടെങ്കിലും ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പിന്നീട് ഇവരെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അന്നേ ദിവസം രാത്രിയില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ബിനുവിനെ ഫോണില്‍ വിളിച്ച് അജ്ഞാതന്‍ വിക്ടോറിയയിലും അഭിമന്യുമാര്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

അഭിമന്യു കൊലപാതകത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ വെള്ളപൂശാനും എസ്എഫ്‌ഐ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന വലതുപക്ഷ ഇരവാദത്തിന് സഖ്യം ചേരാനുമാണ് വിക്ടോറിയ കോളേജില്‍ ഫ്രട്ടേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് എസ്എഫ്‌ഐ പാലക്കാട് ഏരിയ കമ്മിറ്റി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here