സംഘപരിവാര്‍ ഭീഷണിക്ക് ഹരീഷ് വഴങ്ങരുത്; ‘മീശ’ പ്രസിദ്ധീകരണം തുടരണമെന്ന് എംഎ ബേബി; നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനം

തിരുവനന്തപുരം: എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണെന്ന് എംഎ ബേബി.

സംഘപരിവാര്‍ ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.


എംഎ ബേബി പറയുന്നു:

എഴുത്തുകാരന്‍ എസ് ഹരീഷിനു നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം.

പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് അപമാനമാണ്.

ഹരീഷിന്റെ നോവലില്‍ ഒരു കഥാപാത്രം പറയുന്ന സംഭാഷണം അപമാനകരമാണ് എന്ന് ആരോപിച്ചാണ് എഴുത്തുകാരനു നേരെ ആക്രമണം ഉണ്ടായത്. ഈ നോവലിലെ പരാമര്‍ശങ്ങള്‍ സമൂഹവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് മാതൃഭൂമി പത്രാധിപര്‍ക്കയച്ച കത്തില്‍ യോഗക്ഷേമ സഭയുടെ പേരില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ എഴുത്തുകാരനെതിരായ നീക്കത്തില്‍ യോഗക്ഷേമസഭയെ ഒരു ഉപകരണമായി ഹിന്ദുത്വവര്‍ഗീയവാദികള്‍ ഉപയോഗിക്കുകയാണെന്നത് വ്യക്തമാണ്. ഇന്ന് തൃപ്പൂണിത്തുറയില്‍ മാതൃഭൂമിയുടെ പുസ്തകമേളയെ ആക്രമിച്ചത് ഹിന്ദു ഐക്യ വേദി എന്ന ആര്‍ എസ് എസ് സംഘടനയാണ്.

യോഗക്ഷേമസഭ എന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള, വിടി ഭട്ടതിരിപ്പാടിന്റെയും ഇഎംഎസിന്റെയും സംഘടനെയെ മുന്‍നിറുത്തി കേരളത്തിലെ സ്വതന്ത്ര ചിന്തയെ ഭീഷണിപ്പെടുത്താനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.

ഇതിന് നിന്നുകൊടുക്കരുതെന്ന് യോഗക്ഷേമസഭയുടെ നേതൃത്വത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ സാമൂഹ്യപരിഷ്‌കരണത്തിനും സ്വതന്ത്ര ചിന്തക്കും തീകൊളുത്തിയ സംഘടനയാണ് സഭ.

എഴുത്തുകാരനു നേരെ ഉണ്ടായ അക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുണ്ടായ ശ്രമത്തെയും തുടര്‍ന്നാണ് ഈ നോവല്‍ പ്രസിദ്ധീകരണം നിറുത്തുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞതായാണ് വാര്‍ത്ത.

പെരുമാള്‍ മുരുകനു നേരെ തമിഴ്‌നാട്ടില്‍ ചില ജാതി സംഘടനകളെ മുന്‍നിറുത്തി ആര്‍ എസ് എസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മുരുകന്‍ എഴുത്തു നിറുത്തിയതിന് സമാനമായ സാഹചര്യമാണിത്.

പക്ഷേ, ഇതു കേരളമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയര്‍ത്താന്‍ ഇവിടെ ആര്‍ക്കും ആവില്ലെന്നും ആര്‍ എസ് എസിനെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ ഭീഷണിക്ക് ഹരീഷ് വഴങ്ങരുതെന്നും നോവല്‍ പ്രസിദ്ധീകരണം തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News