അഭിമന്യു വധം: പ്രതികള്‍ അക്രമം ആസൂത്രണം ചെയ്തത് വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ; കൊലയാളി സംഘത്തെ ക്യാമ്പസിലേക്ക് വിളിച്ചു വരുത്തിയതും വാട്‌സാപ്പിലൂടെ; മുഖ്യപ്രതികളെ 28 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്

കൊച്ചി: വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയാണ് പ്രതികള്‍ മഹാരാജാസില്‍ അക്രമം ആസൂത്രണം ചെയ്തതെന്ന് പോലീസ്.

ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പടെയുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. ഈ സന്ദേശങ്ങള്‍ അയച്ച ഫോണുകളും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

ഒന്നാം പ്രതി മുഹമ്മദ്, അഞ്ചാം പ്രതി ആദില്‍, ഇരുപത്തഞ്ചാം പ്രതി ഷാനവാസ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

പ്രധാന പ്രതികളായ മുഹമ്മദും ആദിലും ഉള്‍പ്പടെയുള്ളവര്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയാണ് മഹാരാജാസ് കോളേജില്‍ അക്രമം ആസൂത്രണം ചെയ്തതെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്.

കൊലപാതക സംഘത്തെ മുഹമ്മദ് ക്യാമ്പസിലേയ്ക്ക് വിളിച്ചു വരുത്തിയതുള്‍പ്പടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. സന്ദേശങ്ങള്‍ അയച്ച ഫോണുകളും കണ്ടെടുക്കണം.

അക്രമിസംഘം ആയുധങ്ങളുമായാണ് ക്യാമ്പസിലെത്തിയതെന്ന് ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവും അഞ്ചാം പ്രതിയുമായ ആദിലും മൊഴി നല്‍കിയിരുന്നു. ഈ ആയുധങ്ങളും കണ്ടെത്തണം.

ഇത്തരത്തിലുള്ള നിര്‍ണ്ണായക തെളിവ് ശേഖരണത്തിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ 8 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തരണമെന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.

അപേക്ഷ പരിഗണിച്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുഹമ്മദ്, ആദില്‍, ഷാനവാസ് എന്നീ പ്രതികളെ ഈ മാസം 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊണ്ട് ഉത്തരവിടുകയായിരുന്നു.

അതേസമയം മറ്റ് പ്രതികളായ നവാസ്, ജഫ്രി, അനസ് എന്നിവരുടെ റിമാന്റ് കാലാവധി അടുത്ത മാസം 4 വരെ നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here