പാലക്കാട്: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രി നീക്കം ചെയ്തത് അനധികൃതമായെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിര്‍ബന്ധിത അവയവദാന വാര്‍ത്ത പുറത്ത് കൊണ്ടു വന്നത് പീപ്പിള്‍ ടിവി.

സേലത്തെ സ്വകാര്യ ആശുപത്രി ആരുടെയും സമ്മതമില്ലാതെയാണ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മീനാക്ഷിപുരം സ്വദേശി മണികണ്ഠന്റെ അവയവങ്ങള്‍ നീക്കം ചെയ്തതെനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്താണ് അവയവങ്ങള്‍ നീക്കിയത്. അവയവദാന ചട്ടങ്ങള്‍ ലംഘിച്ചു. ആശുപത്രി ബില്ലിലും പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുക്കളെ അവയവദാനത്തിനായി ബോധവത്ക്കക്കരിക്കുന്നതെന്ന പേരില്‍ സ്വകാര്യ ആശുപത്രി നല്‍കിയ വീഡിയോയും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചികിത്സാ വിവരങ്ങളും മണികണ്ഠഠന്റ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് കണ്ടെത്തിയത്.

മെയ് 18ന് മണികണ്ഠനടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 7 പേര്‍ക്കാണ് പരുക്ക് പറ്റിയത്. 3 ദിവസത്തിനു ശേഷം മണികണ്ഠന്‍ മരണപ്പെട്ടു. മസ്തിഷ്‌ക മരണം സംഭവിച്ച മണികണ്ഠന്റെ ചികിസ്താ ചിലവായി 3 ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ അവയവങ്ങള്‍ നീക്കം ചെയ്തതായി പീപ്പിള്‍ ടിവി വാര്‍ത്ത നല്‍കി.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുമായി സംസാരിച്ചതിന്റെ അടിസ്ഥാഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അപകടത്തില്‍ പരുക്കേറ്റ് പിന്നീട് മരിച്ച ആറുച്ചാമിയുടെ മകന്‍ മണികണ്ഠന്റെ അവയവങ്ങളും നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

മെഡിക്കല്‍ ജോയിന്റ് ഡയറക്ടര്‍ മലര്‍മിഴിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണത്തിന്റെ ഭാഗമായി മീനാക്ഷിപുരത്തെത്തിയിരുന്നു.