ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമെന്ന് കോണ്‍ഗ്രസ്; 2019 തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് സോണിയാ ഗാന്ധി; മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയം

ദില്ലി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് സോണിയാ ഗാന്ധി.

ഇതിന് കോണ്‍ഗ്രസായിരിക്കണം നേതൃത്വം നല്‍കേണ്ടതെന്നും സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ അനിവാര്യമാണെന്നും പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സോണിയ പറഞ്ഞു.

മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ്. ആ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്നത് മോദിയുടെ തെറ്റായ വാഗ്ദാനമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ചാലേ ഈ വാഗ്ദാനം സാധ്യമാകു. അത്തരമൊരു സാഹചര്യമല്ല രാജ്യത്തുള്ളതെന്നും മന്‍മോഹന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കളുടെയും യുവനേതാക്കളുടെയും പരിചയ സമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സമന്വയമാണ് പുതിയ പ്രവര്‍ത്തക സമിതിയെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ യോഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുമ്പും ശേഷവുമുള്ള സഖ്യരൂപീകരണത്തിന് രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തവര്‍ത്തക സമിതി ചുമതലപ്പെടുത്തി.

സഖ്യ നീക്കമാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകണമെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കാരണം പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നിര്‍ദേശം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്.

വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍, മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നു കാണിക്കല്‍ തുടങ്ങിയവയായിരുന്നു പ്രവര്‍ത്തകസമിതി യോഗത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്തത്.

കോണ്‍ഗ്രസ് ശക്തമായ 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്തിയാല്‍ 150 സീറ്റ് ലഭിക്കുമെന്നും ശേഷിക്കുന്നിടത്ത് പ്രാദേശിക സ്വഭാവം അനുസരിച്ച് അടവ് സഖ്യമാകാമെന്നുമാണ് ധനമന്ത്രി പി ചിദംബരത്തിന്റെ അഭിപ്രായം.

കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടിയാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

പ്രധാനമന്ത്രിയാകാന്‍ ചിലര്‍ കുപ്പായം ധരിച്ചിരിക്കുന്നുണ്ടെന്ന മോദിയുടെ ആരോപണത്തിനുള്ള മറുപടിയാണ് സുര്‍ജേവാല നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here