തൃശൂര്‍: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ നാലുപേര്‍ പിടിയില്‍.

കൊടുങ്ങല്ലൂര്‍ വള്ളിവട്ടം തറയില്‍ ഇടവഴിയ്ക്കല്‍ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂര്‍ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂര്‍ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34 ) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനി നസീമ, ഭര്‍ത്താവ് അക്ബര്‍ ഷ എന്നിവര്‍ ഒളിവിലാണ്.

കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ:

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പരാതിക്കാരനായ യുവാവുമായി നസീമയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നു.

ഇതിനിടെ പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നസീമ യുവാവിനെ കൊടുങ്ങല്ലൂരില്‍ വരുത്തുകയായിരുന്നു.

ഇത് അനുസരിച്ച് കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെത്തിയ യുവാവിന്റെ കാറില്‍ നസീമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ഷെമീന കയറി. ഉടന്‍ തന്നെ പതിനായിരം രൂപ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും നസീമയുടെ ഫ് ളാറ്റില്‍ എത്തി.

മിനിറ്റുകള്‍ക്ക് ശേഷം സദാചാര പൊലീസ് എന്ന മട്ടില്‍ പുറത്തുനിന്ന് ഒരു സംഘം എത്തുകയായിരുന്നു.

തുടര്‍ന്ന് വാതില്‍ തുറന്ന് യുവാവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിര്‍ത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.

യുവാവിന്റെ പേഴ്‌സും എടിഎം കാര്‍ഡും ബലമായി വാങ്ങിയ പ്രതികള്‍ 35,000 രൂപയും കൈക്കലാക്കി. മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുകൊള്ളാമന്നു സമ്മതിച്ച് രക്ഷപ്പെട്ട യുവാവ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.