ഭയം, പിന്നെ അഭയമില്ലാത്തവരുടെ ഓട്ടം; രമ്യാരാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’

‘വലിയ’ സിനിമയുടെ മുറിച്ചിട്ട ഒരു കഷ്ണം പോലെ ഒരു സിനിമ അതാണ് രമ്യാ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍ ‘.

ആ സിനിമ പതിനാല് മിനുറ്റില്‍ നിന്ന് ഒന്നോ ഒന്നരയോ മണിക്കൂര്‍ നീണ്ടു പോയിരുന്നെങ്കില്‍ അതൊരു വലിയ സിനിമയായി തന്നെ പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയേനേ എന്നു തോന്നും. അത്രമാത്രം പക്വവും പാകമായ പ്രൊഫഷണല്‍ പരിചരണ മികവ് കൊണ്ടു കൂടിയാണ് ഈ ചിത്രം IDSFFKയില്‍ മികച്ച പ്രതികരണം നേടിയത്.

മലയാളത്തിലെ ഹ്രസ്വ സിനിമയുടെ സംസ്‌കാരത്തില്‍ വന്ന വലിയ മാറ്റമാണ് ഈ സിനിമയെ സ്വീകാര്യമാക്കുന്നത്. ഇവിടെ നമ്മുടെ ഹ്രസ്വ മേളച്ചിത്രങ്ങളുടെ പരമ്പരാഗത സമര പരീക്ഷണ ധാരയോടല്ല മാറിയ മുഴുവന്‍ സിനിമാ കാലത്തിന്റെ ബദല്‍ധാരയോടാണ് ‘മിഡ്‌നൈറ്റ് റണ്‍’ അടുത്തു നില്‍ക്കുന്നത്. അവിടെ സമരം സിനിമയുടെ തന്നെ പാരമ്പര്യ പറച്ചില്‍ ശീലങ്ങളോടാണെന്ന് മാത്രം.

കഥ ഇവിടെ ധാരാളമുണ്ട്, ഇനി യാഥാര്‍ത്ഥ്യത്തെ കാണിക്കൂ എന്ന് പറയുന്ന മട്ടില്‍ ഇക്കാലത്ത് പുറത്തു വന്നു കൊണ്ടിരിക്കുന്ന നവധാര സിനിമകളുടെ വഴികളില്‍ നിന്ന് ഉയര്‍ന്നു വന്ന ഒരു പതിനാലു മിനുറ്റാണ് രമ്യാരാജിന്റെ ഈ രാത്രിയാത്ര. അതുകൊണ്ട് തന്നെ അത് ചെറിയ സിനിമയല്ല ‘വലിയ’ സിനിമ തന്നെയാണ്.

വലിയ സ്‌ക്രീനിലെ വലിയ സിനിമകള്‍ മാത്രമല്ല ചെറിയ സ്‌ക്രീനിലെ വലിയ ജീവിതക്കാഴ്ച്ചകളും ഇപ്പോള്‍ തങ്ങളുടെ ഉരകല്ലാക്കുന്നതും ഒരു ദിലീഷ് പോത്തനെയോ ആഷിഖ് അബുവിനെയോ ലിജോ ജോസിനെയോ ഒക്കെയാണെന്നു കാണാം.

അത്രമാത്രം സിനിമയിലെ റിയലിസത്തിന്റെ പച്ചപ്പരമാര്‍ത്ഥങ്ങള്‍ ചെറു സിനിമകളുടെ കാഴ്ച്ചകളെയും തെളിച്ചമുള്ളതാക്കിയിട്ടുണ്ടെന്നര്‍ത്ഥം. അതായത് വെളിച്ചം കടക്കാത്ത അടച്ചിട്ട മുറികളല്ല കേരളത്തിലെ ഹ്രസ്വകഥാ സിനിമകളുടെയും ഏറ്റവും പുതിയ ധാര കൈയ്യാളുന്നത്.

വലിയ സിനിമകളാകാതെ പോകുന്ന വലിയ മോഹഭംഗങ്ങള്‍ കൂടിയാകാം പലപ്പോഴും ചെറിയ സിനിമകളായി അവതരിക്കുന്നത്. എന്നാല്‍ ആ ചെറുതിന്റെ സാന്ദ്രതയില്‍ ഊറിക്കൂടിയ ജീവിതത്തിന്റെ കരുത്തുകൊണ്ടാണ് രമ്യാരാജിന്റെ മിഡ്‌നൈറ്റ് റണ്‍ വേറിട്ടു നില്‍ക്കുന്നത്.

അല്ലാതെ ഇക്കാലത്തെ വലിയ പ്രതിഭകളെ സിനിമയില്‍ മുന്നിലും പിന്നിലും നിരത്തി നിര്‍ത്തിയതു കൊണ്ട് മാത്രമല്ല അത്. ഒരു പക്ഷേ മാറിയ സിനിമയുടെ ഇക്കാലത്തെ ഏറ്റവും പ്രധാന കലാകാരന്മാരെ ഈ ഹ്രസ്വസിനിമയുടെ ഉത്സവചരിത്രത്തിന്റെ കൂടി ഭാഗമാക്കാനും രമ്യക്ക് കഴിഞ്ഞു. അതൊരു ചെറിയ ഉദ്യമമല്ല.

ദിലീഷ് പോത്തന്‍ എന്ന സംവിധായകനെ നേരത്തേ നമ്മള്‍ പല സിനിമകളിലും നടനായി കണ്ടിട്ടുണ്ടെങ്കിലും അയാളിലെ നടന്റെ സൂഷ്മ ഭാവാര്‍ത്ഥത്തില്‍ നമ്മള്‍ ഈ പതിനാലു മിനിറ്റ് സിനിമയിലാണ് ശരിക്കും അടുത്തനുഭവിക്കുന്നത്.

ഒരേ സമയം ഭയത്തിന്റെ രണ്ടവതാരങ്ങളായാണ് ദിലിഷ് സിനിമയിലൊരു ലോറി ഡ്രൈവറായി എത്തുന്നത്. ഭയപ്പെടുത്തുന്നയാള്‍ തന്നെ ഭയപ്പെട്ടുപോകുന്ന അവസ്ഥ. ചേതന്‍ (ഗപ്പി ഫെയിം) അവതരിപ്പിക്കുന്ന കഥാപാത്രത്തെ തന്റെ ശക്തിയുടെയും അധികാരത്തിന്റെയും ബലത്തില്‍ ഭയപ്പെടുത്തുന്നയാള്‍ അടുത്ത നിമിഷം ഭയപ്പെടുന്നയാളായി മാറുമ്പോള്‍ ഭയം ഭരിക്കുന്ന ഇക്കാലത്ത് രാഷ്ട്രീയമായും വലിയ മുഴക്കമുണ്ട്.

ഏത് നിസ്സാരനും ഒരു കച്ചിത്തുരുമ്പുകൊണ്ട് അധികാരത്തിന്റെ ഹുങ്കിനെ ബന്ധനസ്ഥനാക്കാം എന്ന വലിയ പ്രതീക്ഷയും സിനിമയ്ക്ക് നല്‍കാനാവുണ്ട്.

ഭയം ഒരു ഉള്‍വികാരമായി ഉറഞ്ഞു നില്‍ക്കുന്നതാണ് സിനിമ. ലോറി, ഇരുട്ട്, നിസ്സഹായ ബാല്യം എന്നിവയെല്ലാം ആ ഭയത്തിന്റെ കനം കൂട്ടുന്നു. ഭയത്തിന്റെ സങ്കീര്‍ണ്ണമായ അടരുകള്‍ക്കൊപ്പം അഭയമില്ലാത്ത കുട്ടികളുടെ അനാഥ ജീവിതങ്ങളെക്കുറിച്ചും സിനിമ കണ്ണു തുറപ്പിക്കുന്നുണ്ട്. സിനിമ അവസാനിക്കുന്നത് അങ്ങനെയാണ്.

ഭയത്തില്‍ തുടങ്ങി ഭയത്തില്‍ അവസാനിക്കുന്നതാണ് മിഡ്‌നൈറ്റ് റണ്‍. ഒപ്പം അഭയമില്ലാതെ ഓടുന്ന മനുഷ്യ ജീവിതത്തെയുമാണ് ചെറുനേരത്തിന്റെ ദൃശ്യനിറവില്‍ രമ്യ അവതരിപ്പിക്കുന്നത്.

നേരത്തേ സിബി മലയില്‍, സുജിത്ത് വാസുദേവ് എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രമ്യ ഒരു വലിയ സിനിമ ചെയ്യാനുള്ള തന്റെ പ്രാപ്തി അറിയിക്കുന്നതു കൂടിയാണ് മിഡ്‌നൈറ്റ് റണ്‍.

മലയാളത്തിലെ നവനിര സിനിമാപ്രവര്‍ത്തകരില്‍ ശ്രദ്ധേയരായ ഗിരീഷ് ഗംഗാധരന്‍(ഛായാഗ്രഹണം), രംഗനാഥ് രവി(സൗണ്ട്), കിരണ്‍ ദാസ്(എഡിറ്റ്) എന്നിവരെല്ലാം അതിന് ഈ സിനിമക്ക് കരുത്തായി നിന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here