വംശീയ അധിക്ഷേപം; മെസ്യുട്ട് ഓസില്‍ ജര്‍മ്മന്‍ ടീമില്‍ നിന്നും രാജിവെച്ചു

റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തിന് ഏറെ പ‍ഴികേട്ട ജര്‍മ്മന്‍ സൂപ്പര്‍താരം മെസ്യുട്ട് ഓസില്‍ ഇനി ജര്‍മ്മനിയുടെ ജേ‍ഴ്സിയില്‍ ഇറങ്ങില്ല. വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് ജര്‍മ്മന്‍ ടീമില്‍ നിന്ന് മെസ്യുട്ട് ഓസില്‍ രാജിവച്ചു. തുര്‍ക്കി ബന്ധം ആരോപിച്ച് ഓസിലിനെതിരെ കടുത്ത വംശീയ അവഹേളനത്തില്‍ പ്രതിഷേധിച്ചാണ് ഓസിലിന്‍റെ നടപടി

‘വലിയ പ്രതാപത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജര്‍മന്‍ കുപ്പായം അണിഞ്ഞിരുന്നത്. ഏറെ പ്രയാസകരമേറിയതാണ് എന്റെ തീരുമാനം’. ടീമില്‍ നിന്നും രാജിവച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ഓസില്‍ കുറിച്ചു. തുര്‍ക്കി ബന്ധം ആരോപിച്ച് ആരാധകര്‍ നിരന്തരമായി വംശീയഅധിക്ഷേപത്തിന് ഇരയാക്കിയതിനെത്തുടര്‍ന്നാണ് ഓസിലിന്‍റെ തീരുമാനം.

ലോകകപ്പ് ഫുട്ബോളിന് മുന്‍പ് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ജര്‍മ്മനി പുറത്തായതോടെ ഈ ഫോട്ടോ ഉയര്‍ത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. തുര്‍ക്കി വംശജനായ ഓസിലിന് രാജ്യത്തിന് വേണ്ടികളിക്കാന്‍ ആത്മാര്‍ത്ഥതയുണ്ടാകില്ലെന്ന് ആരോപിച്ചായിരുന്നു ഓസിലിനെതിരെ വംശീയ ആക്രമണം അരങ്ങേറിയത്.

ജര്‍മ്മന്‍ ടീം മാനേജര്‍ ഉള്‍പ്പെടെ ഓസിലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എര്‍ദോഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന് പിന്നില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ല. എന്റെ കുടുംബത്തിന്റെ വേരുകളുള്ള രാജ്യത്തിന്‍റെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള്ള ബഹുമാനമാണ് അതെന്നായിരുന്നു ഓസിലിന്‍റെ നിലപാട്.

ഇതിനുപിന്നാലെയാണ് ജര്‍മ്മനിക്ക് വേണ്ടി താന്‍ ഇനി ബൂട്ട് കെട്ടില്ലെന്ന തീരുമാനവുമായി ഓസില്‍ രംഗത്തെത്തിയത്.മൂന്ന് പേജ് വരുന്ന തന്‍റെ വിശദീകരണക്കുറിപ്പ് ഓസില്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവച്ചു.

തനിക്കും കുടുംബത്തിനും നിരവധി വെറുപ്പുളവാക്കുന്ന മെയിലുകള്‍, ഭീഷണി ഫോണുകള്‍, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അവഹേളനം എന്നിവ നേരിടേണ്ടി വന്നതായി ഓസിലിന്‍റെ കത്തില്‍ പരാമര്‍ശിക്കുന്നു.ജര്‍മനിക്കായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ ഓസില് നേടിയിട്ടുണ്ട്‍.

ലോകകപ്പില്‍ ജര്‍മ്മനിയുടെ കിരീടനേട്ടത്തിന് ചുക്കാന്‍ പിടിച്ച താരത്തെയാണ് വംശീയഅധിക്ഷേപം ചൊരിഞ്ഞ് ആരാധകര്‍ അവഹേളിച്ച് പറഞ്ഞയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News