തന്‍റെ മകന് നീതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതി.ഇനി ഒരമ്മക്കും ഈ അവസ്ഥ വരരുതെന്നും തന്‍റെ മകന്‍റെ ജീവനെടുത്തവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും പ്രഭാവതി പറഞ്ഞു.

വാർദ്ധക്യത്തിലും തളർന്ന് പോകാതെ തന്‍റെ മകന്‍റെ ജീവനെടുത്തവർക്കെതിരെ പോരാടിയ
ഒരമ്മ. ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന മകനായിരുന്നു ഈ അമ്മക്ക് ആകെയുണ്ടായിരുന്ന സമ്പാദ്യം.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ്  2005 സെപ്തംബർ 27ന് പൊലീസുകാര്‍ ഉരുട്ടികൊന്ന മകനെ കുറിച്ചോർക്കുമ്പോൾ ഇനി ഒരമ്മക്കും ഈ അവസ്ഥ വരരുതെന്നാണ് പ്രഭാവതി അമ്മയുടെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ.

തന്‍റെ മകന്‍റെ ജീവനെടുത്തവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ആ അമ്മ പറയുന്നു.ഒപ്പമുണ്ടായിരുന്നവരൊക്കെ കൂറുമാറിയപ്പോ‍ഴും തളരാതെ പോരാടി.ഒടുവിൽ സി ബി ഐ അന്വേഷണനടത്തണമെന്ന കോടതി വിധി കരസ്ഥമാക്കി.കേസുമായി മുന്നോട്ട് പോയപ്പോൾ പ്രതികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണിയെകുറിച്ച് ഈ അമ്മക്ക് മറക്കാനാകില്ല.