ഹരീഷ്, സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ ധീരമായ നിലപാടുയര്‍ത്തി മുന്നോട്ടുപോവണമെന്ന് കോടിയേരി; എല്ലാവിധ പിന്തുണയും സിപിഐഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവും

തിരുവനന്തപുരം: എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെതിരെ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ വെല്ലുവിളി, സാംസ്‌കാരിക രംഗത്തേക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിന് ഉദാഹരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരള സമൂഹത്തിനകത്തും ഇത്തരം ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചുവരികയാണ്. ഇത് വളരെയേറെ ഗൗരവമേറിയ വിഷയമാണ്.

ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ ധീരമായ നിലപാടുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

അത്തരം നിലപാട് ഹരീഷ് സ്വീകരിച്ചാല്‍ എല്ലാവിധ പിന്തുണയും സിപിഐഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവും.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ വര്‍ഗീയ ശക്തികളുടെ ഭീഷണികള്‍ പല രൂപത്തില്‍ നടക്കുന്നുണ്ട്. പ്രശസ്ത കവി പ്രഭാവര്‍മ്മ കലാകൗമുദി വാരികയിലെഴുതിയ ലേഖനത്തിനെതിരെ ആര്‍എസ്എസ് ഭീഷണി ഉയര്‍ന്നു വന്നതും, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിനെതിരെ തീവ്രവാദ ശക്തികള്‍ ഭീഷണിമുഴക്കിയതുമൊക്കെ വര്‍ഗീയ ശക്തികളുടെ വെല്ലുവിളി തന്നെയാണ്.

ഇത്തരം ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ മതനിരപേക്ഷ മനസുകള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News