ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് ഇന്നറിയാം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പുതിയ നിലപാട് ഇന്നറിയിക്കാമെന്നു പറഞ്ഞ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ഹര്‍ജിയില്‍ നിര്‍ണായകമാവും.

സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് വിവേചനമല്ലെന്നും വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീപ്രവേശനം അനുവദിക്കാത്തതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ ആദ്യ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിലപാട് ഇന്ന് വ്യക്തമാക്കാമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നേരത്തേ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് നിലപാടെടുത്ത ബോര്‍ഡ് ഇനി നിലപാട് മാറ്റിയാല്‍ സുപ്രീംകോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക രൂക്ഷ വിമര്‍ശനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചപ്പോള്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത്. സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോല്‍ക്കുന്നത് അസാധ്യമാണെന്നാണ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News