വൈക്കം എഴുമാന്തുരുത്തിൽ വള്ളംമറിഞ്ഞ് കാണാതായ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് ഫയർഫോഴ്സ് സംഘം കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ള ബിപിന് വേണ്ടിയുള്ള തിരച്ചിൽ കരിയാറിൽ ഊർജ്ജിതമായി തുടരുകയാണ്.

വള്ളം മറിഞ്ഞതിന്റെ തൊട്ടടുത്തു ആമ്പൽ വള്ളികളിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് തലകുത്തനെ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നേവിയും ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇടവിട്ട് പെയ്യുന്ന മഴയും ആമ്പൽ വള്ളികളുടെ വലിയ സാന്നിധ്യം തിരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.

വൈകുന്നേരം അഞ്ചുമണിക്ക് കടുത്തുരുത്തി മാന്നാറിലെ വീട്ടുവളപ്പിൽ സജിയുടെ ശവസംസ്കാരം നടക്കും. ആപ്പാഞ്ചിറയിൽ സ്റ്റുഡിയോ നടത്തുന്ന സജി , പത്ത് വർഷമായി വിവിധ ദൃശ്യ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു പെൺകുട്ടികളും ഉണ്ട്. സജിയെ കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് ബിബിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.
അപകടത്തിൽ രക്ഷപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന രണ്ടു മാധ്യമപ്രവർത്തകരുടെ ആരോഗ്യനില തൃപ്തികരം ആയതിനെ തുടർന്ന് അവരെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറികളിലേക്ക് മാറ്റി.