ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരെ രംഗത്തെത്തിയവരില്‍ താന്‍ ഇല്ലെന്ന് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ് രംഗത്ത്.

ഭീമ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും മോഹന്‍ലാലിനെപ്പോലെയൊരു പ്രതിഭയെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ എങ്ങനെ പരാതി പറയാന്‍ സാധിക്കുമെന്നും പ്രകാശ് രാജ് ചോദിച്ചു.

ട്വിറ്റര്‍ വീഡിയോയിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.

”ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനായ നടനാണ് മോഹന്‍ലാല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാന്‍ യോഗ്യനുമാണ്.”

”മോഹന്‍ലാല്‍ ആ ചടങ്ങില്‍ പങ്കെടുക്കേണ്ട എന്നു പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുന്നതോടൊപ്പം സ്വയം അപമാനിതരാവുകയാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാളസിനിമയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുമോ?”

”ഈ വിഷയത്തില്‍ എന്റെ പേര് എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”-പ്രകാശ് രാജ് പറയുന്നു.