ബംഗാളിലും ത്രിപുരയിലും ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം; ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന് സീതാറാം യെച്ചൂരി; ഭരണഘടനാപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

ദില്ലി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ത്രിപുരയില്‍ ബിജെപി മുന്നണിയും മത ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഭരണഘടനാപരമായ അവകാശങ്ങളെ രണ്ടു സംസസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പശ്ചിമ ബംഗാളിലും ത്രിപുരയിലയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ ദില്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സിപിഐഎം അടക്കമുള്ള അഞ്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാജ്യമൊട്ടാകെ പ്രക്ഷോഭം സംഘടിപ്പിച്ചത്. പശ്ചിമബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെയായിരുന്നു പ്രക്ഷോഭം. ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റിലേക്കു നടന്ന പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കെടുത്തു.

ദുര്യോധനനെയും ദുശ്ശാസനനെയും പാണ്ഡവര്‍ നേരിട്ട പോലെ മോദിയെയും അമിത്ഷായെയും ഇടതുപക്ഷത്തെ അഞ്ചു പാര്‍ട്ടികള്‍ ചേര്‍ന്ന് നേരിടുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

ഭരണഘടനാപരമായ അവകാശങ്ങളെ രണ്ടു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടികാട്ടി. ബംഗാളില്‍ പ്രവര്‍ത്തകരെ തട്ടികൊണ്ടുപോവുയാണ് തൃണമൂല്‍ ചെയ്യുന്നതെന്നും പിണറായി ചൂണ്ടികാട്ടി.

ത്രിപുരയില്‍ ഇടതുപക്ഷ സംഘടനകളുടെ 750 പാര്‍ട്ടി ഓഫീസുകളെ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ 2100 വീട്ടുകളും ആക്രമിച്ചു. എന്നാല്‍ തൃണമൂലിന്റെ ആക്രമണം കാരണം 2016 തെരഞ്ഞെടുപ്പിനു ശേഷം 35 സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തൃണമൂലിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 20000 കള്ളകേസുകളും മമതാ സര്‍ക്കാര്‍ ചുമത്തിയിട്ടുണ്ട്.

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, കേരളത്തില്‍ നിന്നുള്ള എംപിമാരായ എംബി രാജേഷ്, പികെ ശ്രീമതി, പികെ ബിജു, ഇന്നസെന്റ്, കെകെ രാഗേഷ്, ബിനോയ് വിശ്വം, തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News