വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർ ടി എഫിലെ മൂന്ന് ഉദ്യോഗസ്ഥരെ മുഖ്യ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയാകും .

ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ആർ ടി എഫ് അംഗങ്ങളായ പോലീസുകാർ മർദ്ദിച്ചതായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ ആർ ടി എഫിലെ അംഗങ്ങളായ സന്തോഷ്കുമാർ, ജിതിൻരാജ്, സുമേഷ് എന്നിവർ ഒന്നുമുതൽ മൂന്നുവരെ പ്രതികളാകും.

വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയാകും . വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ വച്ച് പുലർച്ചെ എസ് ഐ ദീപക് ശ്രീജിത്തിൻറെ വയറ്റിൽ ചവിട്ടിയതായി മറ്റു പ്രതികളുടെ മൊഴി ഉണ്ടായിരുന്നു.

പറവൂർ സിഐ ക്രിസ്പിൻ സാമും പ്രതിപ്പട്ടികയിലുണ്ട് . അറസ്റ്റ് നടപടികൾ പാലിച്ചില്ലെന്നും പിന്നീട് രേഖകളിൽ തിരിമറി നടത്തിയെന്നതുമാണ് ക്രിസ് പിൻ സാമിനെതിരായ കുറ്റം. പ്രതികളുടെ മൊബൈൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും.

ശ്രീജിത്തിനെ ആദ്യം ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ പറവൂർ മജിസ്ട്രേറ്റ് സ്മിത കേസിൽ സാക്ഷിയാകും. ഇന്ത്യൻ ശിക്ഷാനിയമം 302 കൊലക്കുറ്റം , 342 അന്യായമായി തടങ്കലിൽ വക്കൽ എന്നിവയാണ് പ്രതികൾക്കെതിരായ കുറ്റം.

വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.