ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം : ഫോർട്ട‌് പൊലീസ‌് സ‌്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ‌് വി ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റവും മറ്റ‌് മൂന്നു പ്രതികളായ അജിത‌്കുമാർ, ഇ കെ സാബു, എ കെ ഹരിദാസ‌് എന്നിവർക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ‌്. ശിക്ഷ സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ‌്ജി ജെ നാസർ ഇന്ന് വിധിക്കും.

ഒന്നും രണ്ടും പ്രതികൾ കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ‌് നശിപ്പിക്കൽ, വ്യാജരേഖ ചമയ‌്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ‌് പ്രതികൾ തെളിവുനശിപ്പിക്കാൻ ഗൂഢാലോചന, വ്യാജരേഖ ചമയ‌്ക്കൽ എന്നീ കുറ്റങ്ങളും ചെയ‌്തതായി കോടതി കണ്ടെത്തി. കേസിൽ ഏഴ‌് പ്രതികളാണ‌് ഉണ്ടായിരുന്നത‌്. മൂന്നാം പ്രതി പൊലീസുകാരനായ സോമൻ ആറുമാസംമുമ്പ‌് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി.

ഒന്നും രണ്ടും പ്രതികളെ റിമാൻഡ‌് ചെയ‌്തു. മറ്റ‌് മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന‌ു കണ്ടെത്തിയെങ്കിലും ജാമ്യം ലഭിക്കുന്ന കുറ്റമായതിനാൽ ഇവരുടെ നിലവിലെ ജാമ്യം ബുധനാഴ‌്ച വരെ നീട്ടി. 2005 സപ‌്തംബർ 27നാണ‌് കേസിനാസ‌്പദമായ സംഭവം. ശ്രീക‌ണ്ഠേശ്വരം പാർക്കിൽ നിൽക്കെയാണ‌് ഉദയകുമാറിനെ ഫോർട്ട‌് സ‌്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേർന്ന‌് കസ്റ്റഡിയിലെടുത്തത‌്. ഫോർട്ട‌് സ‌്റ്റേഷനിലെത്തിച്ച‌് മറ്റൊരുപ്രതിയായ സോമനും ചേർന്ന‌് ലോക്കപ്പിൽ ഉരുട്ടിക്കൊന്നു.

എസ‌്ഐ ആയിരുന്ന അജിത‌് കുമാർ, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ‌് എന്നിവർ പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച‌് കള്ളക്കേസ‌് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച‌് അന്വേഷിച്ച കേസിൽ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരായിരുന്നു പ്രതികൾ. വിചാരണസമയത്ത‌് ദൃക‌്സാക്ഷികൾ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്നാരോപിച്ച‌് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടർന്ന‌് കേസ‌് സിബിഐ ഏറ്റെടുത്തു.

കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയൽചെയ‌്തു. രണ്ടിലും ഒന്നിച്ച‌് വിചാരണ ആരംഭിച്ചു. പ്രതികൾ ചെയ‌്തത‌് ഹീനമായ കുറ്റമാണെന്ന‌് കോടതി കണ്ടെത്തി. സിബിഐ സ‌്പെഷ്യൽ പ്രോസിക്യൂട്ടർ ടി പി മനോജ‌്കുമാറാണ‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായത‌്. പ്രതികളായ ഇ കെ സാബു ഡിവൈഎസ‌്പിയായും എ കെ ഹരിദാസ‌് എസ‌്പിയായും സർവീസിൽനിന്ന‌് വിരമിച്ചു.

ജിതകുമാർ ഇപ്പോൾ ഡിസിആർബിയിൽ എഎസ‌്ഐ ആണ‌്. ശ്രീകുമാർ നർക്കോട്ടിക‌് സെല്ലിൽ ഹെഡ‌്കോൺസ്റ്റബിളാണ‌്. കേസ‌് നടക്കുമ്പോൾ എസ‌്ഐ ആയിരുന്ന ടി അജിത‌് കുമാർ ഇപ്പോൾ ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പിയാണ‌്. ഉമ്മൻചാണ്ടി ആഭ്യന്തമന്ത്രിയായിരിക്കെ നടന്ന സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ‌് നടന്നത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News