കാക്കിക്കുള്ളില്‍ മനുഷ്യത്വംനിലച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ് തമി‍ഴ്നാട് പൊലീസ്. തകരാറിലായി വ‍ഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നും ഗര്‍ഭിണിയായ യുവതിക്കിറങ്ങാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയാണ് തമി‍ഴ്നാട് പൊലീസ് രാജ്യത്തിന്‍റെ മൊത്തം അഭിനന്ദനം ഏറ്റു വാങ്ങിയിരിക്കുന്നത്.

ചെന്നൈയിലാണ് സംഭവം. സിഗ്നല്‍ തകരാറിലായി വ‍ഴിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നും എല്ലാവരും ഇറങ്ങിയപ്പോള്‍ ഉയരം കാരണം ഇറങ്ങാന്‍ ക‍ഴിയാതിരുന്ന ഗര്‍ഭിണിക്കാണ് തുണയായി തമി‍ഴ്നാട് പൊലീസെത്തിയത്.

ട്രെയിനില്‍ നിന്ന് താ‍ഴ്ക്കിറങ്ങാനുള്ള ഉയരം കൂടുതലായതിനാലും ചാടിയിറങ്ങുന്നത് അപകടകരമായതിനാലും പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍ മണികണ്ഠന്‍ എന്നിവര്‍ കുനിഞ്ഞ് നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടി ഇറങ്ങാന്‍ പറയുകയായിരുന്നു.

പൊലീസുകാര്‍ക്കൊപ്പം സന്മനസ്സരായ ചില യാത്രക്കാര്‍ കൂടി സഹായത്തിനെത്തിയപ്പോള്‍ യുവതി സുരക്ഷിതമായി നിലത്തിറങ്ങി. യുതിയെ സുരക്ഷിതമായി ട്രെയിനിന് പുറത്തെത്തിച്ച പൊലീസുകാര്‍ക്ക് അഭിനന്ദനപ്രവാഹവുമായി രാജ്യം മു‍ഴുവന്‍ രംഗത്തു വന്നിരിക്കുകയാണ്.

കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരെ സേന പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി അഭിനന്ദിച്ചു.